ജലന്ധർ: സ്റ്റെം സെൽ റിസേർച്ച്, ടെസ്റ്റ് ട്യൂബ് ഫെർട്ടിലൈസേഷൻ, ഗയിഡഡ് മിസൈൽ തുടങ്ങിയ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ആയിരം വർഷങ്ങൾക്കു മുമ്പുതന്നെ മഹാഭാരതത്തിലും രാമായണത്തിലുമുണ്ടെന്ന് ആന്ധ്രാ സർവകലാശാല വൈസ് ചാൻസിലർ ജി.നാഗേശ്വർ റാവു വ്യക്തമാക്കി . ഇന്ത്യൻ സയൻസ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു അമ്മയിൽ നിന്ന് നൂറ് കൗരവർ ഉണ്ടായിരുന്നു. ഇത് സ്‌റ്റെം റിസേർച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും ഉള്ളത് കൊണ്ടാണ് നടന്നത്. ഇതായിരുന്നു ഈ രാജ്യത്തെ ശാസ്ത്രം’ -നാഗേശ്വർ റാവു പറഞ്ഞു. ശത്രുക്കളെ തുരത്തി, പിന്തുടർന്ന് പിടിച്ച് ആക്രമിച്ച് ശേഷം തിരിച്ചു വരുന്ന അസ്ത്രങ്ങളാണ് രാമൻ ഉപയോഗിച്ചിരുന്നത്. ഇത് ഗയിഡഡ് മിസൈലുകളുടെ ചരിത്രമാണ് പറയുന്നത്.
രാവണന് 24 തരം വിമാനങ്ങൾ സ്വന്തമായി ഉണ്ടായിരുന്നു. പല തരത്തിലും പല വലിപ്പത്തിലുമുള്ളതായിരുന്നു അവ. മാത്രമല്ല രാവണൻ ലങ്കയിൽ എയർപോർട്ടുകൾ ഉണ്ടായിരുന്നു എന്നും റാവു പറഞ്ഞു. 'നൂറ് അണ്ഡങ്ങൾ കലങ്ങളിൽ നിക്ഷേപിച്ചു എന്ന് മഹാഭാരതത്തിൽ പറഞ്ഞിട്ടില്ലെ, അത് ടെസ്റ്റ് ട്യൂബ് ശിശുക്കളല്ലാതെന്താണ്?' എന്നും നാഗേശ്വർ റാവു ചോദിച്ചു. ഈ രാജ്യത്ത് സ്റ്റെം സെൽ ഗവേഷണം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ ഉണ്ടായിരുന്നു എന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.