പത്തനംതിട്ട: ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയതിൽ ശുദ്ധിക്രിയ നടത്തില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് വ്യക്തമാക്കി. യുവതി ദർശനം നടത്തിയതിൽ സ്ഥിരീകരണം ഇല്ലാത്തതിനാൽ ശുദ്ധിക്രിയ ആവശ്യമില്ലെന്നും, വേണ്ടി വന്നാൽ മകരവിളക്കിന് മുന്നോടിയായുള്ള പൂജകൾക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ശശികല എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി 10.46ന് ഗുരുസ്വാമിയോടൊപ്പം എത്തി ദർശനം നടത്തിയത്. പൊലീസ് ഇക്കാര്യം നിഷേധിച്ചെങ്കിലും സി.സി ടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ വൃത്തങ്ങൾ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടതോടെ പൊലീസിന്റെയും സ്ഥിരീകരണമുണ്ടായി. രാത്രി ഹരിവരാസനം പാടി നട അടയ്‌ക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് ശശികല ദർശനം നടത്തിയത്.
നേരത്തെ ബിന്ദുവും, കനഗദുർഗയും ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ നടയടച്ച് തന്ത്രിയുടെ നേതൃത്വതത്തിൽ ശുദ്ധിക്രിയകൾ നടത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസങ്ങൾക്കകം വിശദീകരണം നൽകാനാണ് നിർദേശം. എന്നാൽ, ആചാരലംഘനമുണ്ടായെന്ന് സ്ഥിരീകരണമുണ്ടായാൽ പരിഹാര ക്രിയകൾ ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു.