tantri

ശബരിമലയിൽ യുവതീ പ്രവേശനത്തെ തുടർന്ന് തന്ത്രി ക്ഷേത്രനട അടച്ചതും, ശുദ്ധിക്രിയകൾ നടത്തിയതും ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതിനെ തുടർന്ന് സർ‌ക്കാരും ദേവസ്വം ബോർഡും തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ നിലപാട് സ്വീകരിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു. നട അടച്ചിതിൽ ദേവസ്വം കമ്മിഷണർ തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ക്ഷേത്രഭരണത്തെ മാറ്റി നിറുത്തിയാൽ പ്രതിഷ്‌ഠയിലും ആചാരങ്ങളിലും അവസാനവാക്ക് തന്ത്രിയുടേതാണെന്ന് വിശദീകരിക്കുകയാണ് പ്രമുഖ താന്ത്രികാചാര്യൻ തിരുവല്ല കുഴിക്കാട്ടില്ലം വാസുദേവൻ ഭട്ടതിരി.

ആരാണ് തന്ത്രി?

തന്ത്രി എന്ന് പറഞ്ഞാൽ ആചാര്യനാണ്. കേരളത്തിലാണ് തന്ത്രി എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ. ബാക്കി എല്ലായിടത്തും ആചാര്യനാണ്. ആചാര്യനെന്ന് പറഞ്ഞാൽ അതിന് ധാരാളം വിശേഷണങ്ങൾ തന്ത്രശാസ്ത്രം നിഷ്‌‌കർഷിച്ചിട്ടുണ്ട്.

തന്തിയും ദേവതയും പരസ്‌‌പരം ബന്ധപ്പെട്ടു കിടക്കുന്നതെങ്ങനെ?

പ്രതിഷ്‌ഠയ്‌ക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്‌ത് സ്വന്തം ജീവാംശം തന്നെ അതിലേക്ക് ആവാഹിക്കുകയാണ് തന്ത്രിയുടെ കർത്തവ്യം. ശംഖിലെ ജലത്തിൽ കൂടി അല്ലെങ്കിൽ മറ്റ് ഉപാധികളിൽ കൂടി ആ ബിബംത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ദേവന്റെ അല്ലെങ്കിൽ ദേവതയുടെ പിതൃത്വം തന്ത്രിയിലേക്ക് വന്നു ചേരുന്നത്. മലയാള തന്ത്രശാസ്ത്ര പ്രകാരം ഇത് പാരമ്പര്യമാണ്. എന്റെ മുത്തശ്ശൻ പ്രതിഷ്‌ഠിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്റെ കുടുംബത്തിലെ ഒരു അംഗമായി ആ ദേവൻ മാറുകയാണ്.

മേൽശാന്തിയുള്ളപ്പോൾ പിന്നെ തന്ത്രിയുടെ പ്രാധാന്യമെന്താണ്?

ദേവന്റെ ഹിതമെന്ത് അഹിതമെന്ത് എന്ന് സാങ്കേതികമായി പോലും അറിയാൻ കഴിയുന്നത് തന്ത്രിക്ക് മാത്രമാണ്. മേൽശാന്ത്രി എന്ന് പറയുന്നത് യഥാർത്ഥത്തിൽ അർച്ചകനാണ്. 365 ദിവസും അല്ലെങ്കിൽ ആയുസ് കഴിയുന്നിടംവരെയും പ്രതിഷ്‌ഠിച്ച ദേവനെ പൂജ കഴിക്കേണ്ടയാളാണ് തന്ത്രി. എന്നാൽ പ്രായോഗികമായി അത് സാധിക്കുന്ന കാര്യമല്ല. അതിനാണ് ആചാര്യനുവേണ്ടിയിട്ട് അർച്ചകൻ അല്ലെങ്കിൽ മേൽശാന്തി പൂജ കഴിക്കുന്നത്. അതിലുണ്ടായേക്കാവുന്ന പല ഏറ്റ കുറച്ചിലുകളും ചൈതന്യഹാനിയുമൊക്കെ ഇല്ലാതാക്കുന്നതിനാണ് ഉത്സവം, ആട്ടവിശേഷങ്ങൾ തുടങ്ങിയവ നടത്തുന്നത്.

ശബരിമല തന്ത്രിക്കെതിരെ രൂക്ഷമായ വിമർശമാണ് സർക്കാരിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നുമുണ്ടാകുന്നത്

തന്ത്രി എന്ന് പറയുന്നത് ഇപ്പോൾ നിലനിൽക്കുന്ന വ്യവസ്ഥയിൽ ആരും തന്നെ ചാർത്തി തന്ന ആനുകൂല്യമല്ല. ദേവസ്വം ബോർഡും സർക്കാരുമൊക്കെ ഉണ്ടാകുന്നതിന് മുമ്പ് ഇവിടെ രാജഭരണം നിലനിന്നിരുന്നു. അന്നു മുതൽക്കേ ഈ കുടുംബങ്ങളൊക്കെ തന്നെയാണ് എല്ലായിടത്തും പൂജകൾ നടത്തി വരുന്നത്.

അങ്ങനെയെങ്കിൽ സർക്കാരിനോ ദേവസ്വം ബോർഡിനോ പെട്ടെന്ന് മാറ്റൻ കഴിയുന്നയാളാണോ ക്ഷേത്ര തന്ത്രി?

ക്ഷേത്രത്തിലെ ദേവതയ്‌ക്ക് അഹിതമായിട്ട് ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തികൾ അവിടുത്തെ തന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അവസ്ഥയെത്തുമ്പോഴാണ് തന്ത്രിയെ മാറ്റണമോ വേണ്ടയോ എന്ന ചർച്ച ഉദിക്കുന്നത്. ഇങ്ങനെ ഒരാൾ ഈ സ്ഥാനത്ത് പ്രവർത്തിച്ചാൽ ദേവചൈതന്യം നശിക്കുകയല്ലേയുള്ളു എന്ന് ആചാര്യന്മാർക്ക് തേന്നാത്തിടത്തോളം അത്തരം തീരുമാനങ്ങളെല്ലാം തന്നെ അനുചിതമാണ്.

ഒരു സുപ്രഭാതത്തിൽ ആരുടെയെങ്കിലും ഇഷ്‌ടത്തിനനുസരിച്ച് മാറ്റാൻ കഴിയുന്നയാളല്ല തന്ത്രി. എന്നാൽ അങ്ങനെ മാറിയാൽ പ്രതിഷ്‌ഠയ്‌ക്ക് ചൈതന്യ ലോപുണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അവിടെ ഒരു കലർപ്പുണ്ടാകുമെന്നതും നിശ്‌ചയമാണ്.