തിരിവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് കേരളത്തിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങളെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർ.എസ്.എസാണ്. ഇവരുടെ നേതൃത്വത്തിലുള്ള സ്കൂളുകളിലും ക്ഷേത്രങ്ങളിലും ഇവർ ആയുധം സൂക്ഷിക്കുകയാണ്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ബി.ജെ.പി നേതൃത്വം കേരളത്തിൽ അരാജകത്വം സൃഷ്ടിക്കുകയാണ്. അക്രമങ്ങൾ അഴിച്ചു വിടുന്നതിലൂടെ യഥാർത്ഥ പ്രശ്നങ്ങൾ മറച്ചു വെക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പ്രവർത്തകർ ബി.ജെ.പിയുടെ പ്രകോപനത്തിൽ വീഴരുത്. സമാധാന ചർച്ചകൾ നടത്താൻ ബി.ജെ.പി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം പ്രവർത്തകർ അക്രമിക്കാനോ അത്തരത്തിലുള്ള പ്രവണതകൾ നടത്താനോ പാടില്ല എന്ന് പരസ്യാഭ്യർത്ഥന നടത്തുകയും ചെയ്തു.
ആർ.എസ്.എസ് എന്ന പാർട്ടി തുടങ്ങിയത് തന്നെ വർഗീയ കലാപത്തോടെയാണ്. കേരളത്തിൽ വർഗീയ കലാപത്തിലുള്ള ശ്രമം തടയും. മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തകരെ പോലെ ആർ.എസ്.എസിന് മുന്നിൽ കീഴടങ്ങുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസിന്റെ കളി കേരളത്തിൽ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
അങ്ങോട്ടാക്രമിക്കുക എന്നത് സി.പി.എം നയമല്ല. അത്തരത്തിൽ ഒരു ഉദ്ദേശ്യവും പാർട്ടിക്കില്ല. ആക്രമണം തുടരുമ്പോൾ പ്രതിരോധിക്കേണ്ടി വരും. പൊലീസ് ഇക്കാര്യത്തിൽ ആത്മസംയമനം പാലിക്കുന്നുണ്ട്. ഇത് ദൗർബല്യമായി കരുതുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ വേണം. ആർ.എസ്.എസ് അനുകൂലമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടാവാം. അത്തരത്തിലുള്ളവരെ കണ്ടത്തി വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
ശബരിമലയിൽ നടന്നത് ശരിയായ ശുദ്ധിക്രിയ ആണോ എന്നറിയില്ല. അതിനൊക്കെ ഒരുപാട് സമയം വേണ്ടി വരുമെന്നാണ് അറിവ്. എന്നാൽ അത് തന്റെ മേഖലയല്ല അത് അവർക്ക് വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്നത് സി.പി.എം തീരുമാനമല്ല. അതിനായി മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ട ആവശ്യവും പാർട്ടിക്കില്ല. സി.പി.എം തീരുമാനിച്ചാൽ രണ്ടുപേരെയാണോ കയറ്റാൻ കഴിയുന്നത് അദ്ദഹം ചോദിച്ചു. ലക്ഷം പേരെ കയറ്റാനാകും പക്ഷേ പാർട്ടിക്ക് അതിൽ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും നിലവിലെ സാഹചര്യങ്ങളെ വക്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ ദേശീയ നേതാക്കൾ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.