കണ്ണൂർ: 'വ്രതം നോക്കാൻ തുടങ്ങിയിട്ട് 92 ദിവസം പിന്നിട്ടു, ഏറെക്കുറേ സമാധാന അന്തരീക്ഷത്തിൽതന്നെ മലകയറാനാവുമെന്നാണ് പ്രതീക്ഷ'- ശബരിമലയിൽ പോകാനായി തയ്യാറെടുക്കുന്ന കണ്ണപുരം ഐയ്യോത്ത് സ്വദേശിനി 33കാരിയായ രേഷ്മ നിഷാന്ത് പറയുന്നു. സുപ്രീംകോടതി വിധി വന്നശേഷം രേഷ്മ നിഷാന്താണ് ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്നതായി ആദ്യം പുറംലോകത്തെ അറിയിച്ച യുവതി.
കഴിഞ്ഞ ദിവസം യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ രേഷ്മയ്ക്ക് സന്തോഷം. ഈ മകരവിളക്കിന് മുമ്പുതന്നെ ശബരിമലയിൽ എത്താനാകുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു. 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃസാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച് ശബരിമലയിലേക്ക് യാത്ര തിരിക്കുമെന്നാണ് നേരത്തെ രേഷ്മ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. വീടിന് മുന്നിൽ പ്രതിഷേധവുമായി ആളുകളെത്തിയെങ്കിലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് രേഷ്മ വ്യക്തമാക്കിയിരുന്നു.
നിലവിൽ രേഷ്മയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിനൊക്കെ അയവുണ്ടായിട്ടുണ്ട്. കൂടുതൽ യുവതികൾ സന്നിധാനത്ത് എത്തുന്നതോടെ എതിർപ്പുകൾ കുറഞ്ഞു വരുമെന്നും സമാധാനാന്തരീക്ഷത്തിൽ മല കയറാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് രേഷ്മ. ശബരിമലയിൽ പോകാൻ താല്പര്യമുണ്ടെന്ന് കാണിച്ച് രേഷ്മയും കണ്ണൂർ സ്വദേശിനി ഷനിലയും കൊല്ലം സ്വദേശിനി ധന്യയും എറണാകുളത്ത് വാർത്താസമ്മേളനം നടത്തിയതും വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നാണ് രേഷ്മ മാലയണിഞ്ഞ് വ്രതം ആരംഭിച്ചത്.
ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ശബരിമല ദർശനമെന്ന് രേഷ്മ വ്യക്തമാക്കിയിരുന്നു. പത്തോളംപേർ തങ്ങളുടെ സംഘത്തിലുണ്ടെന്നാണ് അവർ പറയുന്നത്.
സഹകരണ ബാങ്ക് ജീവനക്കാരനായ ഭർത്താവ് നിഷാന്ത് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയായിരുന്നു രേഷ്മയുടെ വ്രതം. മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും ശബരിമല ദർശനത്തിനുള്ള സൗകര്യമൊരുക്കണമെന്ന് രേഷ്മ ഉൾപ്പെടെയുള്ളവർ അഭ്യർത്ഥിച്ചിരുന്നു. ഒരുദിവസം ഓൺലൈൻ രജിസ്ട്രേഷൻ പ്രകാരം സൗകര്യമൊരുക്കാമെന്ന് മറുപടിയും ലഭിച്ചെങ്കിലും ശക്തമായ പ്രതിഷേധാന്തരീക്ഷം കാരണം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. പിന്നീടാണ് തങ്ങളുടെ ആവശ്യം പൊതുജനങ്ങൾക്ക് മുന്നിൽ വച്ചത്.