മുംബയ്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 'ആക്‌സിഡന്റൽ' പ്രധാനമന്ത്രിയല്ല, വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് വ്യക്തമാക്കി. 'പത്ത് വർഷം ഒരു പ്രധാനമന്ത്രി രാജ്യം ഭരിച്ചിട്ടുണ്ടെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കും. ഞാനൊരിക്കലും അദ്ദേഹത്തെ ഒരു 'ആക്‌സിഡന്റൽ' പ്രധാനമന്ത്രിയായി കാണുന്നില്ല. നരസിംഹ റാവുവിന് ശേഷം രാജ്യത്തിന് മികച്ച പ്രധാനമന്ത്രിയെ കിട്ടിയിട്ടുണ്ടെങ്കിൽ അത് മൻമോഹൻ സിംഗ് ആണെ'ന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
മൻമോഹൻ സിംഗിന്റെ ജീവിതകഥയെ ആധാരമാക്കി ഇറങ്ങുന്ന ബോളിവുഡ് ചിത്രം 'ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററി'ന്റെ പശ്ചാത്തലത്തിലാണ് എം.പിയുടെ പ്രതികരണം. ബി.ജെ.പിയുമായുള്ള എതിർപ്പ് നേരത്തെ പ്രകടിപ്പിച്ച റാവത്ത്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് കാര്യമായ മാറ്റമുണ്ടെന്നും ആളുകൾ രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണമുന്നണിയായ എൻ.ഡി.എയിലെ സഖ്യകക്ഷിയാണ് ശിവസേന.
അതേസമയം, ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററി'ന് എതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമാണ്. ചിത്രത്തിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും തെറ്റായി ചിത്രീകരിച്ചതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ നടൻ അനുപം ഖേർ ഉൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഉന്നതരെ വ്യക്തിഹത്യ ചെയ്‌തുവെന്നാരോപിച്ച് സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ കേസ് നൽകിയിരുന്നു.