വേനൽക്കാലത്തെ കൃഷി കർഷകരെ സംബന്‌ധിച്ചിടത്തോളം തലവേദനയുടെ കാലമാണ്. വെള്ളം നനച്ചാലും കൃഷിയിടങ്ങളിലെ ഈർപ്പം പെട്ടെന്ന് ബാഷ്‌പീകരണം നടന്ന് വിളകൾ വേഗത്തിൽ വാടി കരിയുന്നതും വിളവ് കുറയുന്നതുമാണ് ഇതിന് കാരണം.
ജലം ശാസ്‌ത്രീയമായി ഉപയോഗിച്ച് കൃഷി ചെയ്യുകയും വിളകൾക്ക് കാര്യമായി വേനൽബാധിക്കാതിരിക്കാനുള്ള മാർഗം കണ്ടെത്തുകയുമാണ് വേനലിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം. ഇതിന് ചില മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് പുതയിടൽ. കൃഷിയിടങ്ങളിൽ പരമാവധി ഈർപ്പം നിലനിറുത്തി വിളകളെ സംരക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പച്ചക്കറി തടങ്ങളിൽ ബാഷ്‌പീകരണം തടയാൻ സഹായിക്കുന്നു പുതയിടൽ. പുല്ലുകൾ, ഇലകൾ എന്നിവകൊണ്ടാണ് കൃഷിയിടങ്ങളിൽ പുതയിടേണ്ടത്. ഇതുവഴി 85 ശതമാനം ബാഷ്‌പീകരണം തടയാമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളകൾ നട്ടിരിക്കുന്ന തടങ്ങളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകാതിരിക്കാനുള്ള മാർഗവുമാണ് പുതയിടൽ. വിളകൾ നട്ടിരിക്കുന്ന തടങ്ങളെ പൂർണമായി മൂടുന്ന തരത്തിൽ പുല്ല്, ഇലകൾ എന്നിവ കൊണ്ട് സംരക്ഷണം തീർക്കുകയാണിവിടെ. വിളകളുടെ ചുവട്ടിൽ ചൂട് തട്ടുകയുമില്ല. ദിവസം മുഴുവൻ തണുപ്പ് നിലനിറുത്താനുമാവും. മണ്ണ് ഒരുക്കുമ്പോൾ ചകിരി കമ്പോസ്‌റ്ര് തടങ്ങളിൽ ഇടുന്നതും വിളകളെ സംരക്ഷിക്കും. കാരണം ചകിരിയിൽ തങ്ങി ഈർപ്പം കൂടുതൽ സമയം തടങ്ങളിൽ നിലനിൽക്കും. ചെടികളുടെ വേരുകൾ കരിയിലകൾ എന്നിവയെല്ലാം കൃഷിയിടങ്ങളിലെയും തടങ്ങളിലെയും പുതയിടാൻ അത്യുത്തമമാണ്.
കൃഷിയിടങ്ങളിലെ വെള്ളം നന വൈകുന്നേരമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഈ സമയത്ത് ബാഷ്‌പീകരണം ഏറ്റവും കുറവാണ്. വൈകിട്ട് അഞ്ചിന് ശേഷം കൃഷിയിടങ്ങൾ നനയ്‌ക്കുക. പിറ്റേന്ന് ഉച്ചയ്‌ക്ക് ശേഷവും തടങ്ങളിൽ നനവ് നിലനിൽക്കുമെന്ന് ഉറപ്പാണ്.