ramesh-chennithala

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് നടക്കുന്ന അക്രമ സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ഡി.ജി.പിയുടെ ഉത്തരവ് എസ്.പിമാർ അനുസരിക്കുന്നില്ലെന്ന് പറയുന്നത്. എസ്‌.പിമാരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പൊലീസും കേരളത്തിലെ അക്രമ സംഭവങ്ങളെ നോക്കി നിൽക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലാകമാനം അക്രമങ്ങൾ നടത്താൻ ബി.ജെ.പിക്കും ആർ.എസ്.എസിനും സൗകര്യമൊരുക്കിയത് ഗവർൺമെന്റാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. പൊലീസ് കേരളത്തെ അരാജകത്വത്തിലാക്കിയിരിക്കുകയാണ്. കേന്ദ്രവും കേരളവും ഭരിക്കുന്ന പാർട്ടികൾ നടത്തുന്ന അക്രമങ്ങളിൽ ജനങ്ങൾ വലയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരാണ് ബി.ജെ.പിയെ സഹായിക്കുന്നതെന്ന് അറിയാം. 1977മുതലുള്ള കാര്യങ്ങൾ നോക്കിയാൽ അത് വ്യക്തമാകും. അവർക്ക് ചുവന്ന പരവതാനി വിരിച്ചതാരാണെന്നും കൊടികൾ തമ്മിൽ കൂട്ടിക്കെട്ടിയതാരാണെന്നും എല്ലാവർക്കും അറിയാം അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ ഒരു സർക്കാരുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിെയെ കരിങ്കൊടി കാട്ടിയ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ അദ്ദേഹം പ്രതിഷേധമറിയിക്കുകയും ചെയ്തു.