sabarimala-tantri

തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ ശബരിമലയിൽ ശ്രീകോവിൽ അടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദുവും കനകദുർഗയും അറിയിച്ചു. തന്ത്രിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നാണ് ഇരുവരുടെയും നിലപാട്. ഒരു സ്വകാര്യ ചാനലിലെ അഭിമുഖ പരിപാടിയിലാണ് ഇവർ നിലപാട് വ്യക്തമാക്കിയത്.

ശുദ്ധികലശം നടത്തുന്നത് സ്ത്രീകൾക്കും ദളിതുകൾക്കും എതിരായുള്ള വിവേചനമാണ്. താൻ ദളിത് ആയതിനാലാണ് ശബരിമലയിൽ ശുദ്ധിക്രിയകൾ നടത്തിയത്. ശ്രീലങ്കൻ വംശജ ശശികല ശബരിമല ദർശനം നടത്തിയപ്പോൾ ഇതുണ്ടായില്ല. ഇനിയും തങ്ങൾ ശബരിമല ദർശനം നടത്തുമെന്നും ഇരുവരും വ്യക്തമാക്കി.

Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!

പൊലീസ് സംരക്ഷണയിൽ കഴിഞ്ഞ ദിവസം ഇരുവരും ശബരിമല ദർശനം നടത്തിയതിന് പിന്നാലെ ശ്രീകോവിൽ അടച്ചിട്ട് തന്ത്രി ശുദ്ധിക്രിയകൾ ചെയ്‌തത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ബോർഡിനോട് ആലോചിക്കാതെ ശ്രീകോവിൽ അടച്ചിട്ടത് ഗുരുതര പിഴവാണെന്ന് നിലപാടെടുത്ത ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. ദേവസ്വം ബോർഡിനോട് ആലോചിച്ചാണെങ്കിൽ പോലും ശ്രീകോവിൽ അടച്ചിട്ടത് കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹം കോടതിയോട് തന്നെ വിശദീകരണം നൽകട്ടെയെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. എന്നാൽ തന്ത്രിക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജികൾ സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിക്കാൻ തയ്യാറായില്ല.