baby

വാഷിംഗ്ടൺ: അമേരിക്കയിലെ അരിയോണയിൽ 14വർഷമായി കോമയിൽ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെൻഡ ഹെൽത്ത് കെയർ കേന്ദ്രത്തിൽ വച്ചാണ് യുവതി പ്രസവിച്ചത്.യുവതി ഗർഭിണിയായിരുന്ന വിവരം തങ്ങളും അറിഞ്ഞിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതർ പറ‌ഞ്ഞത്.

യുവതിയുടെ ഞരക്കം കേട്ട് പരിശോധിച്ചപ്പോഴാണ് ഇവർ ഗർഭിണിയായ വിവരം അറിഞ്ഞതെന്ന് ജീവനക്കാർ വ്യക്തമാക്കി. ഇതിന് പിന്നാലെ യുവതി ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇത് ജീവനക്കാരുടെ വീഴ്ചയാണെന്നായിരുന്നു പൊലീസ് വിലയിരുത്തൽ.

ഒരു അപകടത്തെ തുടർന്ന് കഴിഞ്ഞ 14വർഷമായി അനക്കമില്ലാതെ കിടന്നിരുന്ന യുവതിയാണ് പ്രസവിച്ചത്. ഇവർക്ക് എപ്പോഴും പരിചരണം ആവശ്യമായതിനാൽ നിരവധി ജീവനക്കാരാണ് യുവതിയെ പരിചരിച്ചിരുന്നത്. അതുകൊണ്ട് തന്നെ യുവതിയെ പീഡിപ്പിച്ചവരെ ഇതുവരെയും പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.

പൊലീസിന് എല്ലാവിധത്തിലുമുള്ള പിന്തുണയും നൽകുമെന്നും ആശുപത്രി അധികൃതർ‌ അറിയിച്ചു. ആശുപത്രിയിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ഖേദം അറിയിച്ചുകൊണ്ടായിരുന്നു ആശുപത്രി അധികൃതരുടെ പിന്തുണ. അതേസമയം ആശുപത്രിയിൽ മുൻപും രോഗികൾ പീഡനത്തിനിരയായിട്ടുണ്ട്. ഇത്തരത്തിലെ ലൈംഗികാതിക്രമങ്ങളെ തുടർന്ന് ആശുപത്രിക്ക് 2013ൽ മെഡിക്കൽ ഫണ്ട് നിഷേധിക്കുകയും ചെയ്തിരുന്നു.