ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഹർത്താലും തുടർന്ന് നടന്ന സംഘർഷങ്ങളിലും കേന്ദ്രസർക്കാർ ഇടപെടുന്നു. സംസ്ഥാനത്ത് നടന്ന സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കേരളത്തിൽ നടന്ന സംഘർഷത്തിൽ ഇതുവരെ 3178 പേർ അറസ്‌റ്റിലായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 487 പേരെ റിമാൻഡ് ചെയ്‌തു. ഇതിൽ 2691 പേർക്ക് ജാമ്യം ലഭിച്ചതായും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, അക്രമികൾക്ക് എസ്‌കോർട്ട് പോകലല്ല പൊലീസിന്റെ പണിയെന്ന് ഡി.ജി.പിയുടെ ഓർമ്മപ്പെടുത്തൽ. ഹർത്താൽ ദിനത്തിൽ ജില്ലാ പൊലീസ് ചീഫുമാർക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്.
സമാധാനപരമെന്ന് തോന്നിയ പല പ്രകടനങ്ങളും പ്രത്യേക ഘട്ടത്തിൽ അക്രമാസക്തമാവുകയായിരുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രകടനങ്ങൾ തുടക്കത്തിൽ തന്നെ പിരിച്ചു വിടണമെന്ന് ഡി.ജി.പി നിർദേശിച്ചു. പൊലീസിലെ നല്ലൊരു വിഭാഗം ശബരിമലയിൽ ഡ്യൂട്ടി നോക്കുന്നതിനാൽ പ്രശ്‌നം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന് മറുപടി പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ചിലരെയെങ്കിലും ഡി.ജി.പി വെറുതെ വിട്ടില്ല. ആ പ്രദേശങ്ങളിൽ മതിയായ പൊലീസുകാർ ഉണ്ടായിരുന്നല്ലോ എന്ന കണക്കുകൾ ഉദ്ധരിക്കുകയും ചെയ്തു. തെരുവിൽ അഴിഞ്ഞാടിയവരെ കണ്ടെത്താൻ കഴിയാത്തതിലും ഡി.ജി.പി അസംതൃപ്‌തി അറിയിച്ചു. അതേസമയം, സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും ഇന്റലിജൻസിന്റെയും പിഴവും ചർച്ചയായിട്ടുണ്ട്.