ആലുവ: പുതുവത്സര ദിനത്തിൽ പൊലീസുകാരന്റെ വീട്ടിലെ പറമ്പിലേക്ക് ഗുണ്ട് എറിഞ്ഞതിനെ തുടർന്ന് ഭയന്നുവിറച്ച മധ്യവയസ്ക നാലം ദിനം മരണപ്പെട്ടിട്ടും പ്രതികളെ തൊടാതെ പൊലീസ്. സഹപ്രവർത്തകന്റെ കുടുംബത്തിന് നേരെ അനീതി നടന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന നടപടിയാണ് ആലുവ പൊലീസ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
പൊലീസ് അസോസിയേഷനിലും ഇത് സംബന്ധിച്ച പ്രതിഷേധമുണ്ട്. രാഷ്ട്രീയം നോക്കിയാണ് ചില ഉദ്യോഗസ്ഥർ നടപടികളെടുക്കുന്നതെന്നാണ് ആക്ഷേപം. ഭിന്നശേഷിക്കാരായായ അമ്പാട്ടുകാവ് ചിറ്റേത്ത് വീട്ടിൽ കണ്ണൻകുട്ടിയുടെ മകൾ ബേബി (48) ആണ് ഇന്നലെ മരിച്ചത്. എടത്തല പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ കമലാസനന്റെ സഹോദരിയാണ് മരിച്ച ബേബി.
അവിവാഹിതയായ ബേബി കമലാസനൊപ്പമാണ് താമസിക്കുന്നത്. സംഭവം നടന്നപ്പോൾ കമലാസനൻ ഡ്യൂട്ടിയിലായിരുന്നു. ശബ്ദം കേട്ട് ഉണർന്ന കമലാസനന്റെ ഭാര്യ ഷീജ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘം അസഭ്യം പറഞ്ഞു. രാവിലെ കമലാസനൻ ജോലി കഴിഞ്ഞെത്തിയ ശേഷമാണ് ആലുവ പൊലീസിൽ പരാതി നൽകിയത്.
വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞത് കുമ്പളാംപറമ്പ് സ്വദേശികളായ ചിലരാണെന്ന് പേര് സഹിതം കമലാസനൻ ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പ്രതികളെ രക്ഷിക്കുന്നതിന് നീക്കം നടക്കുന്നതായി ആക്ഷേപം ഉയരുന്നതിനിടെയാണ് ബേബിയുടെ മരണം.
ഗുണ്ട് പൊട്ടിച്ചവർ ഭരണകക്ഷിയിൽപ്പെട്ട പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരാണ്. വനിതാ മതിൽ വിജയിപ്പിക്കുന്നതിനും ഇവർ മുന്നിലുണ്ടായിരുന്നു. മരിച്ച ബേബിയുടെ മറ്റൊരു സഹോദരൻ മുഖേന കേസ് ഒഴിവാക്കുന്നതിന് ശ്രമം നടക്കുന്നതായും പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഒന്നാം തീയതി നൽകിയ പരാതിയും പൊലീസ് മുക്കുകയായിരുന്നും ആക്ഷേപമുണ്ട്. വനിത മതിലിന്റെയും ഹർത്താലിന്റെയും തിരക്കിലായതിനാലാണ് പ്രതികളെ പിടികൂടാൻ താമസിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
മാതാവ്: ഓമന. സഹോദരങ്ങൾ: ശിവദാസൻ, മോഹനൻ, ചന്ദ്രമതി, സത്യചന്ദ്രൻ, സൗദാമിനി, കമലാസനൻ.