പഴവങ്ങാടി ചന്ദ്രൻ ആ ഫോൺ തിരിച്ചും മറിച്ചും നോക്കി.
''പുതിയ ഫോൺ ആണല്ലോടാ.ഇനി തല്ലു വാങ്ങിക്കണ്ടെങ്കിൽ വേഗം പറഞ്ഞോ... നിന്റെ ഗുരുവിന്റെ നമ്പർ. എന്താ അവന്റെ പേര്?"
സാദിഖ് മിണ്ടിയില്ല. താടി തറയിൽ അമർത്തി കണ്ണുകൾ അടച്ച് പല്ലുകടിച്ചുപിടിച്ചു കിടന്നു.
ചന്ദ്രനു ദേഷ്യം വന്നു.
''ഛീ. പറയെടാ..."
ഒറ്റ ചവിട്ടായിരുന്നു. സിമന്റ് കട്ടയ്ക്കു മുകളിൽ.
''ആ..."
ഒരു തവളയെപ്പോലെ വാ പിളർന്നു പോയി സാദിഖ്.
''പെട്ടെന്ന് മറുപടി കിട്ടണം എനിക്ക്. അല്ലെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ അറിയാറുകൂടിയില്ല..."
ചന്ദ്രൻ കൈ ചൂണ്ടി.
''ഞാൻ പറയാം." സാദിഖ് വിലപിച്ചു: മൂസ .... സ്പാനർ മൂസ."
''എങ്കിൽ വേഗം അവന്റെ നമ്പരും പറ."
സാദിഖ് നമ്പർ പറഞ്ഞുകൊടുത്തു.
ചന്ദ്രൻ അത് ഫോണിൽ കുത്തി. മറുതലയ്ക്കൽ ബൽ മുഴങ്ങുമ്പോൾ സാദിഖിനെ എങ്ങനെ കണ്ടെത്തും എന്ന ചിന്തയിലായിരുന്നു സ്പാനർ മൂസയും രാഹുലും വിക്രമനും.
മൂസ ഫോൺ എടുത്തു നോക്കി.
''അവനാ സാദിഖ്. '' ആഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് മൂസ കാൾ അറ്റന്റു ചെയ്ത് സ്പീക്കറിലിട്ടു.
''സാദിഖേ.. നീ രക്ഷപ്പെട്ടോ?"
അപ്പുറത്തുനിന്നു കേട്ടത് ഒരു ചിരിയാണ്:
''ഏത് സമയത്തും രക്ഷപ്പെടാൻ പാകത്തിൽ കിടക്കുകയാ. എത്രയും വേഗം നീ എന്റെ മുന്നിൽ വന്നില്ലെങ്കിൽ ഇവൻ രക്ഷപ്പെട്ടേക്കും. അങ്ങ് നരകത്തിലേക്ക്."
ആ മറുപടി കേട്ട് മൂവരും കിടുങ്ങിപ്പോയി.
''ആരാ നീ?" മൂസയുടെ ശബ്ദം വിറച്ചു.
''ചന്ദ്രൻ. പഴവങ്ങാടി ചന്ദ്രൻ."
വീണ്ടും ചിരി.
കവിളടക്കം അടിയേറ്റതു പോലെ മൂസ വിളറിപ്പോയി.
രാഹുലും വിക്രമനും പരസ്പരം നോക്കി.
''എടാ. എന്റെ ചെറുക്കനെ തൊട്ടാലുണ്ടല്ലോ..." മൂസ ചീറി.
''തൊടീലും തടവലും ഒക്കെ എപ്പഴേ കഴിഞ്ഞു മൂസേ. ഇനി പിഴിച്ചിൽ മാത്രം ബാക്കി. ആ പിഴിച്ചിലിൽ ഇവന്റെ പ്രാണൻ കൂടി ഞാനിങ്ങെടുക്കും. അല്ലെങ്കിൽ നീ വരണം. എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടനെയും കൂടി കൂട്ടിക്കൊണ്ട്."
പെട്ടെന്ന് ഒരു ട്രെയിനിന്റെ ശബ്ദം ഫോണിലൂടെ കേട്ടു. മൂസയുടെ ഞരമ്പുകൾ വലിഞ്ഞു.
''എവിടെ വരണം ഞാൻ?"
''തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു മുന്നിൽ. അവിടെയെത്തിയിട്ട് എന്നെ ഈ നമ്പരിലേക്കു തന്നെ വിളിക്കുക. എന്റെ ആൾക്കാർ അങ്ങെത്തും."
അത്രയും പറഞ്ഞതേ കാൾ മുറിഞ്ഞു.
''മൂസേ..." ചോദ്യഭാവത്തിൽ രാഹുൽ അയാൾക്കു നേരെ തിരിഞ്ഞു.
''ഒരു പിടിവള്ളി കിട്ടി സാർ... റെയിൽ സ്റ്റേഷന് അടുത്തെവിടെയോ ഉണ്ട് സാദിഖ്. ട്രെയിൻ പാഞ്ഞുപോകുന്ന ശബ്ദമല്ലേ നമ്മൾ കേട്ടത്. പകരം അവിടെ നിന്ന് എടുക്കുന്നതാണ്."
പറഞ്ഞിട്ട് അയാൾ ഉടൻതന്നെ സാദിഖിന്റെ നമ്പരിലേക്കു വീണ്ടും വിളിച്ചു.
''എന്താടാ?" ചന്ദ്രന്റെ കലിപ്പോടെയുള്ള ചോദ്യം.
''എനിക്ക് സാദിഖ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നറിയണം. അവന്റെ ഒരു ഫോട്ടോ എടുത്ത് നീ ഇങ്ങോട്ട് അയച്ചുതാ."
അപ്പുറത്ത് മൗനം.
''പറ്റില്ലെങ്കിൽ ഞാൻ വരുമെന്ന് നീ കരുതണ്ടാ."
മൂസ വീണ്ടും പറഞ്ഞു.
''ശരി." കാൾ കട്ടായി.
ഒരു മിനുട്ട്.
മൂസയുടെ ഫോണിൽ മെസേജ് വന്നതിന്റെ ശബ്ദം.
അയാൾ വാട്സ് ആപ്പ് എടുത്തു നോക്കി.
അതിൽ കണ്ടു.. കൊല്ലാക്കൊല ചെയ്തിട്ടിരിക്കുന്ന സാദിഖിനെ!
അതിൽ നോക്കി മൂസ ഒരു പുഴുത്ത തെറിവിളിച്ചു:
''... കൊല്ലും ഞാൻ അവനെ." മന്ത്രിക്കുന്നതിനിടയിൽ അയാൾ ഫോട്ടോയുടെ പശ്ചാത്തലം നോക്കി. ക്യാമറ ഫ്ളാഷ് ഉണ്ടായപ്പോൾ എല്ലാം വ്യക്തമാണ്.
ഒരു ഇടുങ്ങിയ മുറിപോലെ... അതിനുള്ളിൽ ആംഗ്ളറുകളിൽ ഇരുമ്പുഷീറ്റ് പ്രസ് ചെയ്ത് പിടിപ്പിച്ചിരിക്കുന്നതു പോലെ...
''നോക്ക് സാറേ..." മൂസ ഫോൺ രാഹുലിന്റെ മുഖത്തിനു നേരെ പിടിച്ചു.
''ഇതൊരു ഗുഡ്സ് വാഗണിന്റെ ബോഗിയാണ്. എന്നാൽ ഓടുന്ന വാഗണല്ല. അതിനർത്ഥം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കിടക്കുന്ന ഏതോ ബോഗിയിൽ സാദിഖ് ഉണ്ടെന്നാണ്. മതി.. ഇതുമതി.. ഇതറിയാൻ വേണ്ടിയാണ് ഞാനിങ്ങനെ ചെയ്യിച്ചത്..."
മൂസ ചിരിച്ചു.
കൊല്ലാൻ പോകുന്നവന്റെ ചിരി!
(തുടരും)