തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ആർ.എസ്.എസ് പ്രവർത്തകർ ബോംബാക്രമണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ആർ.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണാണ് സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നത്. നാല് ബോംബുകളാണ് ഇയാൾ സ്‌റ്റേഷന് നേരെയും എറിഞ്ഞത്. രണ്ട് ബോംബുകൾ സി.പി.എമ്മിന്റെ റാലിക്ക് നേരെയും എറിഞ്ഞിരുന്നു. വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് പ്രവീണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഹർത്താൽ ദിവസം ആര്യനാട്ടെ ഒരു സ്വകാര്യ ബാങ്ക് അടപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കേസിൽ ചില ആർ.എസ്.എസ് നേതാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ നെടുമങ്ങാട് നഗരത്തിൽ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ നഗരത്തിൽ സ്ഥാപിച്ച വനിതാ മതിലിന്റെയും പൊതു പണിമുടക്കിന്റെയും ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. ഇവർ പിരിഞ്ഞുപോയതിന് പിന്നാലെ സംഘടിച്ചെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ സത്രം മുക്കിലെ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം നടത്തി. ഒപ്പം കല്ലേറും. ചിതറിയോടിയ ബി.ജെ.പി പ്രവർത്തകർക്ക് പൊലീസ് സ്‌റ്റേഷനിൽ അഭയം നൽകിയെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ സ്റ്രേഷനിലേക്ക് നീങ്ങി. പിന്നാലെയാണ് സ്‌റ്റേഷന് മുന്നിൽ ബോംബ് വീണ് പൊട്ടിയത്. ഉഗ്രമായ ശബ്ദം കേട്ട് പൊലീസുകാരും പ്രവർത്തകരും ചിതറി ഓടി. തലനാരിഴയ്‌ക്കാണ് പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വീണ്ടും ഒത്തുകൂടിയ സി.പി.എം പ്രവർത്തകർ കച്ചേരി നടയിലേക്ക് പ്രകടനമായി വരുന്നതിനിടെയാണ് വീണ്ടും ബോംബേറുണ്ടായത്.
അതേസമയം, ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ നെടുമങ്ങാട് നഗരം സമാധാനത്തിലേക്ക് തിരിച്ച് വരികയാണ്.നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഇപ്പോൾ സംഘർഷമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടുമില്ല.