ബെർലിൻ: ജർമ്മനിയിലെ ഏറ്റവും സെക്സിയായ പൊലീസുകാരി ജോലിയിൽ തിരികെ പ്രവേശിച്ചു. മുപ്പത്തിമൂന്നുകാരി അഡ്റീനി കൊലീസറാണ് ഉന്നത ഉദ്യോഗസ്ഥരുടെ കർശന നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം മുതൽ ജോലിക്കെത്തിയത്. ശരീരഭംഗി കാണിക്കുന്ന ചിത്രങ്ങൾ പതിവായി പോസ്റ്റുചെയ്യുന്നതിനാൽ ഇൻസ്റ്റാഗ്രാമിലെ സൂപ്പർതാരമാണ് അഡ്റീനി. ആറുലക്ഷമാണ് ഫോളവേഴ്സ്.
കുറച്ചുനാൾ മുമ്പ് നീണ്ട അവധിയെടുത്ത അഡ്റീനി നാടാകെ ചുറ്റിനടന്നാണ് ചൂടൻചിത്രങ്ങളെടുത്ത് പോസ്റ്റുചെയ്തത്. ശരീരത്തിന്റെ അഴകളവുകൾ നിലനിറുത്തുന്നതെങ്ങനെയെന്ന് കാണിക്കാനാണ് ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതെന്നായിരുന്നു അവർ പറഞ്ഞത്. ഇതിലൂടെ മോശമല്ലാത്ത വരുമാനവും ലഭിച്ചു.
ചിത്രങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടതോടെ പ്രശ്നമായി. അഡ്റീനിയുടെ പ്രവൃത്തി പൊലീസിനാകെ നാണക്കേടാണെന്നായിരുന്നു അവരുടെ വിലയിരുത്തൽ. ഒന്നുകിൽ മാനംമര്യാദയ്ക്ക് സേനയിൽ തുടരണം. അല്ലെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്ന് അവർ ആവശ്യപ്പെട്ടു. പക്ഷേ, അഡ്റീനിയുടെ ഭാഗത്തുനിന്ന് നോ കമന്റ്. ഒടുവിൽ ജനുവരി ആദ്യവാരം ജോലിക്കുകയറണമെന്ന അന്ത്യശാസനം പുറപ്പെടുവിച്ചു.
അതോടെ ആരാധകർ രംഗത്തെത്തി. പൊലീസ് സേനയെ അവഹേളിക്കുന്ന തരത്തിൽ അഡ്റീനി പോസ്റ്റിട്ടിട്ടില്ലെന്നും അതിനാൽ ഏമാന്മാരുടെ വിരട്ടൽ കേട്ട് പേടിക്കരുതെന്നും അവർ ഉപദേശിച്ചു. പുല്ലുപോലെ ജോലി രാജിവയ്ക്കാനായിരുന്നു മറ്റുചിലരുടെ ഉപദേശം. അപ്പോഴും അഡ്റീനി മിണ്ടിയില്ല.
അഡ്റീനിയുടെ നീക്കങ്ങൾ എന്താണെന്നറിയാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് ജോലിക്കുകയറാൻ തീരുമാനിച്ചു എന്ന് കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്. ഒപ്പം ഇനിമേലിൽ ചൂടൻ ചിത്രങ്ങൾ പോസ്റ്റുചെയ്യില്ലെന്ന അറിയിപ്പുമുണ്ടായി.തൊട്ടുപിന്നാലെ യൂണിഫോം ധരിച്ചുനിൽക്കുന്ന ചിത്രവും വന്നു. അതോടെ ആരാധകർ കടുത്ത നിരാശയിലായി.