ലണ്ടൻ: ഗർഭിണിയായതോടെ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മെർക്കിൾ ആളാകെ മാറി. ഭക്ഷണ കാര്യത്തിലുൾപ്പെടെ കടുത്ത നിയന്ത്രണത്തിലാണ് അവരിപ്പോൾ. മുലയൂട്ടൽ കഴിയുന്നതുവരെ ഇൗ നിയന്ത്രണങ്ങൾ തുരുമെന്നും അടുപ്പക്കാർ പറയുന്നു. ഭാര്യയ്ക്ക് വേണ്ടാത്തതൊന്നും തനിക്ക് വേണ്ടെന്നാണ് ഹാരിയുടെയും തീരുമാനം.
കൗമാര കാലംമുതൽ മോശമല്ലാത്തരീതിയിൽ വീശിയിരുന്ന ഹാരി ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മദ്യം കൈകൊണ്ട് തൊടില്ല. രണ്ടുപെഗ് അകത്താക്കണമെന്നുതോന്നിയാൽ മിനറൽവാട്ടർ കുടിച്ച് മോഹം തീർക്കും. മദ്യപിക്കാത്തതിനാൽ ഇപ്പോൾ പാർട്ടികൾക്ക് പോകാനും ഹാരിക്ക് വലിയ താത്പര്യമില്ലത്രേ.
മാംസം കഴിക്കുന്നതും മേഗൻ കുറച്ചിട്ടുണ്ട്. പകരം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂട്ടുകയും ചെയ്തു. ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളുമാണ് മേഗനും ഹാരിയും ഉപയോഗിക്കുന്നത്. ഒപ്പം മീൻ വിഭവങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.ആഴ്ചകൾക്കുമുമ്പുവരെ ഇറച്ചിക്കറിയില്ലെങ്കിൽ അല്പം ആഹാരംപോലും കഴിക്കാതിരുന്ന ഹാരിയുടെ ഇൗ മാറ്റം ബന്ധുക്കളും കൂട്ടുകാരും അതിശയത്തോടെയാണ് നോക്കുന്നത്.
മേഗൻ യോഗ പതിവാക്കിയിട്ടുണ്ട്. അമ്മതന്നെയാണ് പരിശീലക. കടുത്ത ആസനങ്ങൾ പരിശീലിക്കുന്നില്ല. ഇതിനൊപ്പം ആയാസ രഹിതമായ വ്യായാമങ്ങളും ശീലിക്കുന്നുണ്ട്. എന്നാൽ ഹാരി തൽക്കാലം യോഗയിലേക്ക് കടന്നിട്ടില്ല.വിദഗ്ധരുടെ നിർദ്ദേശപ്രകാരമാണ് മേഗൻ നിയന്ത്രണങ്ങൾ തുടങ്ങിയത്.എന്നാൽ ഭാര്യയെ പേടിച്ചാണ് ഹാരി നിയന്ത്രണങ്ങൾ തുടങ്ങിയതെന്നാണ് ചിലർ പറയുന്നത്.