ഷാങ്ഹായ്: ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറാകാൻ പ്രസിഡൻറ് ഷി ചിൻ പിംഗ് നിർദേശിച്ചു. വ്യാപാര യുദ്ധവും ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളും നില നിൽക്കെയാണ് ഷി ചിൻ പിംഗിന്റെ നിർദേശം. ചൈനീസ് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
അടിന്തര സാഹചര്യം നേരിടാൻ ഒരുങ്ങുക, യുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുക എന്നിവയാണ് ഷി ചിൻ പിംഗിന്റെ നിർദേശങ്ങൾ. ദക്ഷിണ ചൈനാ കടലിൽ തായ്‌വാനുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മിൽ തർക്കങ്ങളുണ്ട്. ഇതിന് പുറമെ വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യത്തിലാണ്. ഇതിനിടെയാണ് യുദ്ധത്തിന് സജ്ജമാകാൻ ഷി ചിൻ പിംഗ് സൈന്യത്തിന് നിർദേശം നൽകിയത്.
ചൈനക്കെതിരായ വെല്ലുവിളികൾ വർദ്ധിച്ചുവരികയാണ്. ഇതിനനുസരിച്ച് ആധുനികവൽക്കരണം സൈന്യം നടപ്പിലാക്കണം. അടിയന്തര യുദ്ധങ്ങൾക്കുള്ള തന്ത്രങ്ങളും സൈന്യം തയാറാക്കണമെന്നും ഷി ചിൻ പിംഗ് ആവശ്യപ്പെട്ടു.
നേരത്തെ അമേരിക്കയുടേതിനേക്കാൾ പ്രഹരശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ബോംബ് ചൈന നിർമിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ ആണവേതര ആയുധമായാണ് യു.എസിന്റെ മദർ ബോംബ് അറിയപ്പെടുന്നത്. ഇതിനേക്കാൾ ശക്തിയുള്ളതാണ് ചെെന നിർമിച്ചത്.