ജക്കാർത്ത: കഴിഞ്ഞകാലത്തെക്കുറിച്ച് ഓർത്തെടുക്കാനും അതേക്കുറിച്ച് വ്യക്തമായ ആശയവിനിമയം നടത്താനും മനുഷ്യർക്കുമാത്രമേ കഴിയുകയുള്ളൂ എന്നാണ് ധാരണയെങ്കിൽ തെറ്റി. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ മഴക്കാടുകളിലുള്ള പെൺ ഒറാങ്ങ് ഉട്ടാനുകളാണ് ഓർമ്മയുടെയും ആശയവിനിമയത്തിന്റെയും കാര്യത്തിൽ മനുഷ്യനോളം എത്തുന്നത്.
വേട്ടക്കാരായ മൃഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാൻ ഒറാങ്ങ് ഉട്ടാനുകൾ ഉപയോഗിക്കുന്ന ശബ്ദസന്ദേശങ്ങളാണ് ഇതിനു തെളിവായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. കടുവ പോലുള്ള മൃഗങ്ങളെത്തുമ്പോൾ അസ്വസ്ഥരാകുമെങ്കിലും പൂർണ നിശബ്ദത പാലിക്കുന്ന പെൺ ഒറാങ്ങ് ഉട്ടാനുകൾ ഇവ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഇതേക്കുറിച്ചു പറയാൻ ശബ്ദസന്ദേശങ്ങൾ ഉപയോഗിക്കാറുണ്ടത്രെ! കടുവ പോയി ഏകദേശം 20 മിനിട്ടിന് ശേഷമാണ് ഇവ ഇത്തരത്തിൽ സന്ദേശം കൈമാറുക.മറ്റൊരു മൃഗത്തിലും കാണാൻ കഴിയാത്ത സവിശേഷതയായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചെറിയ കുട്ടികളുള്ള അമ്മമാരാണ് ഇത്തരത്തിൽ കടുവ പോയ ശേഷം ശബ്ദമുണ്ടാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. അൽപസമയം മുമ്പ് കടന്നു പോയ അപകടത്തെക്കുറിച്ചുള്ള വിവരം കുട്ടികൾക്ക് അമ്മമാർ കൈമാറുന്നതാണിത്. ഇതിലൂടെ കടുവ അപകടകാരികളാണെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാകുകയും ചെയ്യുന്നു. തങ്ങൾക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളുടെയും ലഭിച്ച അറിവുകളുടെയും ഓർമകളിൽ നിന്നാണ് ഈ മുന്നറിയിപ്പു നൽകാൻ ഒറാങ്ങ് ഉട്ടാൻ അമ്മമാർക്കു കഴിയുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.