അബുദാബി: യു.എ.ഇയിൽ പോയാൽ ഇനി പ്രണയ തടാകവും കാണാം. യു.എ.ഇ മരുഭൂമിയുടെ ഒത്തനടുവിലാണ് ഈ പ്രണയതടാകം. പേരിൽ പ്രണയമുണ്ടെന്ന് കരുതി പ്രണയിക്കുന്നവർക്ക് മാത്രം പോയിരുന്ന് കാഴ്ചകൾ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിർമിതി. കായികാഭ്യാസങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർക്കും മൃഗസ്നേഹികൾക്കും കുടുംബങ്ങൾക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്.
രണ്ട് മരക്കൊമ്പുകൾക്കു നടുവിൽ മരപ്പാളിയിൽ 'ലവ് ലേക്ക്' എന്നെഴുതി തൂക്കിയ ബോർഡാണ് സന്ദർശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതൽ താറാവുകൂട്ടങ്ങളും അരയന്നങ്ങളും ഉൾപ്പെടെ 150ലധികം പക്ഷിവർഗം ഇവിടെയുണ്ട്. മാത്രമല്ല നിരവധി ദേശാടനപ്പക്ഷികളും ഇവിടെയെത്താറുണ്ട്.
സന്ദർശകർക്ക് നിറക്കാഴ്ചകൾ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വർണമീനുകളും ഉൾപ്പെടെയുള്ള മത്സ്യങ്ങളും ഇവിടെയുണ്ട്. നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതിസൗഹാർദ ഇരിപ്പിടങ്ങളുമുണ്ട്. ബാർബെക്യൂ ചെയ്യാനായി അടുപ്പുകളോടുകൂടിയ പ്രത്യേക ഇടവും തടാകത്തോട് ചേർന്ന് നിരവധി മരങ്ങളും പ്രണയതടാകത്തിന്റെ പ്രത്യേകതകളാണ്. അൽ ഖുദ്ര തടാകത്തിനടുത്തുനിന്ന് 10 മിനിട്ട് അൽ സലാം മരുഭൂമിയിലൂടെ യാത്രചെയ്താൽ 5,50,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികിൽ എത്തിച്ചേരാം.