kadakampally-surendran

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിൽ പത്തോളം സ്ത്രീകൾ ദർശനം നടത്തിയെന്ന റിപ്പോർട്ടുകൾ ശരിവച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. കോടതി വിധി അനുസരിച്ച് പ്രായം നോക്കാതെ ആരെയും അവിടേയ്‌ക്ക് കടത്തിവിടാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകൾ അവിടെ എത്തിയിട്ടുമുണ്ട്. മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി. ആർ.എസ്.എസ് ഇനി ബഹളം വച്ചിട്ട് കാര്യമില്ല. പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,​ വിശ്വാസികളാണെങ്കിൽ ആക്‌ടിവിസ്‌റ്റുകൾക്കും ശബരിമലയിലേക്ക് വരാമെന്നും മന്ത്രി പറഞ്ഞു. ഏത് പ്രായത്തിലുള്ളവർക്കും ശബരിമലയിലേക്ക് വരാമെന്ന് സുപ്രീം കോടതി വിധിയുണ്ട്. അടുത്ത കാലത്ത് ശബരിമലയിൽ എത്തിയ സ്ത്രീകൾക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് പ്രശ്‌നങ്ങളൊന്നുമില്ല. കലാപം അഴിച്ചുവിടുന്നത് ആർ.എസ്.എസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം ഇതുവരെ 40നും 50 മദ്ധ്യേ പ്രായമുള്ള പത്ത് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതായാണ് പൊലീസ് റിപ്പോർട്ട്. ശ്രീലങ്കയിലും മലേഷ്യയിലും നിന്നുള്ളവരടക്കമാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകി. ശ്രീലങ്കൻ യുവതിയെ കൂടാതെ മലേഷ്യയിൽ നിന്നെത്തിയ മൂന്നു യുവതികളും പൊലീസിന്റെ സഹായത്തോടെ ദർശനം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 25 അംഗ മലേഷ്യൻ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. മലേഷ്യയിൽ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തർക്കമുണ്ടായപ്പോൾ തങ്ങൾ 50 വയസിന് മുകളിലുള്ളവരാണെന്ന് മലേഷ്യൻ സ്ത്രീകൾ പ്രതിഷേധക്കാരോട് പറഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റ് മൂന്നുപേരുടെ വിശദാംശം പൊലീസ് പുറത്തുവിട്ടിട്ടില്ല.