accident

ഷിംല: ഹിമാചൽപ്രദേശിൽ സ്‌കൂൾബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാർഥികളും ബസ് ഡ്രെെവറും മരിച്ചു. ഹിമാചൽ പ്രദേശിലെ സിർമർ ജില്ലയിലെ ഡി.എ.വി പബ്ലിക് സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്‌ച രാവിലെ വിദ്യാർഥികളെയും കയറ്റി സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

സമീർ (5), ആദർശ് (7), കാർത്തിക് (14), അഭിഷേക്, സഹോദരി സഞ്ജന, നൈതിക് ചൗഹാൻ എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ 12ഓളം വിദ്യാർഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവഗുരുതമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തിൽ തകർന്ന ബസിൽ നിന്ന് മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം വളരെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തതെന്ന് നാട്ടുകാർ പറയുന്നു. ബസ് ഡ്രൈവർ സ്വരൂപിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.