bank

സർഫാസി നിയമത്തിൽ കുരുങ്ങി വായ്പയെടുക്കാൻ ജാമ്യം നിന്ന കൊച്ചിയിലെ പ്രീത ഷാജിയുടെ അവസ്ഥ ഓർമയില്ലേ. 2002ൽ അന്നത്തെ വാജ്‌പേയ് സർക്കാർ കൊണ്ട് വന്ന നിയമമാണ് സർഫാസി ആക്ട്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തിനടപടികൾ ആരംഭിക്കാൻ അധികാരം നൽകുന്ന നിയമമാണിത്.

നിയമം വന്ന് പതിനാറ് കൊല്ലം കഴിഞ്ഞിട്ടും സർഫാസി നിയമത്തിന്റെ മറയിൽ ദയാ രഹിതമായ നടപടികളിലേക്കാണ് പൊതുമേഖല ബാങ്കുകളുൾപ്പെടെ കടക്കുന്നത്. കോടികൾ വായ്പയെടുത്ത് രാജ്യം വിടുന്നവരെ വെറുതെവിട്ട് ചെറിയ തുകയുടെ വായ്പ എടുത്ത് കടക്കെണിയിൽ പെട്ട് തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടുന്നവരെ സർഫാസി ആക്ടിലെ പല്ലും നഖവും പുറത്തെടുത്ത് ദ്രോഹിക്കുകയാണ് ബാങ്കുകൾ. വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് രക്ഷകരായി അവതരിക്കുന്നവരുടെ ചതിയിൽ പെട്ട് കിടപ്പാടം നഷ്ടമായ നിരവധി പേരാണുള്ളത്. കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്ത നേർക്കണ്ണ് സർഫാസി കുരുക്കിൽ പെട്ടവരുടെ ജീവതകാഴ്ച തുറന്ന് കാട്ടുന്നു.