temple

പെഷവാർ: പാകിസ്ഥാനലെ ഹൈന്ദവ ക്ഷേത്രത്തിന് പൈതൃക പദവി നൽകി പാക് ഭരണകൂടം. പെഷവാറിലെ 'പഞ്ച തീർത്ഥ്' എന്ന തീർത്ഥാടന കേന്ദ്രത്തിനാണ് പദവി നൽകിയതായി അറിയിച്ച് ഉത്തരവിറക്കിയത്. അഞ്ച് തടാകങ്ങളും അമ്പലവും ചുറ്റുപാടുകളും മരങ്ങളും നിറഞ്ഞതാണ് പഞ്ച തീർത്ഥ ക്ഷേത്രം. മഹാഭാരതത്തിലെ പാണ്ഡു സ്നാനത്തിനായി എത്തിയ സ്ഥലമാണ് പഞ്ച തീർത്ഥായി മാറിയത്.

തകർന്നു കിടന്ന അമ്പലം 1834ൽ ഹിന്ദുക്കൾ എത്തി പുതുക്കി പണിയുകയായിരുന്നു. പിന്നീട് വിശ്വാസികളായ ജനങ്ങൾ എല്ലാ കാർത്തിക മാസത്തിലും ഇവിടെത്തി സ്നാനം നടത്തുകയും രണ്ട് ദിവസത്തെ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നത് പതിവായി.

നിലവിൽ 'ഖൈബർ പക്തുൻഖ്വ' എന്ന പ്രദേശത്താണ് ക്ഷേത്രം നിലനിൽക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് ക്ഷേത്ര സമീപത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. കൂടാതെ അമ്പലത്തിന് പുതിയ ചുറ്റുമതിലുകൾ സ്ഥാപിച്ച് സംരക്ഷിത മേഖലയാക്കി മാറ്റാനാണ് തീരുമാനം. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിനനുസരിച്ചാകും സംരക്ഷിത മേഖലയായി മാറ്റുന്നത്.

ഇതോടൊപ്പം ക്ഷേത്രത്തിനോ ചുറ്റുപാടുകൾക്കോ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ അതിന് കാരണക്കാരായവർ കർശനമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അഞ്ച് വർഷം തടവു ശിക്ഷയും 20ലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും.