rahul-gandhi-winking

ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം പാർലമെന്റിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്‌തതും സഭാംഗങ്ങളെ നോക്കി കണ്ണിറുക്കിയതും ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. രാഹുലിന്റെ നടപടി അപക്വമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ഭരണപക്ഷം രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്വം രാഹുലിന് പൂർണ പിന്തുണ നൽകിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടന്ന റാഫേൽ ചർച്ചയ്‌ക്കിടെ രാഹുൽ കണ്ണിറുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലോക്‌സഭയിൽ റാഫേൽ ചർച്ചയിൽ എം.തമ്പിദുരൈ സംസാരിക്കുമ്പോഴായിരുന്നു സംഭവം. തന്റെ മുമ്പിൽ നിന്ന് തമ്പിദുരൈ സംസാരിക്കുന്നത് ശ്രദ്ധിക്കാത്ത രാഹുൽ പുറകിലേക്ക് തിരിഞ്ഞ് കണ്ണിറുക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് ജോതിരാധിത്യ സിന്ധ്യയുടെ അടുത്തിരുന്ന് പാർട്ടി അംഗങ്ങളെ നോക്കി കണ്ണിറുക്കുന്ന രാഹുലിന്റെ വീഡിയോ ബി.ജെ.പി നേതാവായ അമിത് മാളവ്യയാണ് പുറത്ത് വിട്ടത്.

അതേസമയംസ ലോക്‌സഭയിൽ ഇന്നലെ നടന്ന റാഫേൽ ചർച്ചയ്‌ക്കിടെ നടന്നത് രാഹുലും നിർമലാ സീതാരാമനും തമ്മിലുള്ള പോരാട്ടമായിരുന്നു. രണ്ട് മണിക്കൂർ നീണ്ട മറുപടിയിൽ നിർമ്മല സീതാരാമൻ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞു. റാഫേൽ ഇടപാട് സുതാര്യമാണെന്നും രാജ്യസുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌ത കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദല്ലാളൻമാർ ഇല്ലാതെയാണ് പ്രതിരോധ മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.