മുംബയ്: വിവാദ വ്യവസായി വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി മുംബയ് പ്രത്യേക കോടതി പ്രഖ്യാപിച്ചു. ഇതോടെ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ എൻഫോഴ്സിനു മുന്നിലെ തടസങ്ങൾ നീങ്ങി. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കൾ അന്വേഷണ ഏജൻസികൾക്ക് കണ്ടുകെട്ടാം.
പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിനെതിരെ മല്യ നൽകിയ അപേക്ഷ കോടതി തള്ളി. ഒൻപതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്‌ക്ക് കൈമാറാൻ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി രണ്ട് ദിവസം മുമ്പായിരുന്നു ഉത്തരവിട്ടത്.
കിംഗ്ഫിഷർ ബിയർ, വിമാന കമ്പനികളുടെ ഉടമയായിരുന്ന മല്യ 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്. എന്നാൽ ഇന്ത്യ വിട്ട് വന്നതല്ലെന്നും വായ്‌പാ തുക തിരിച്ചടയ്‌ക്കാമെന്നും മല്യ കോടതിയെ അറിയിച്ചിരുന്നു. ചതി, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ മല്യയ്ക്കെതിരെ ഇന്ത്യൻ അന്വേഷണ ഏജൻസിക്ക് പ്രഥമദൃഷ്‌ട്യാ തെളിവ് ലഭിച്ചതായി ജഡ്‌ജി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.