നിലപാടുകൾ വ്യക്തമാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും നടത്താത്ത താരമാണ് കൽക്കി കൊയ്ച്ചിലിൻ. മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൽക്കിക്ക് കുറച്ചേറെ പറയാനുണ്ട്. സ്ത്രീകൾക്കെതിരെയുള്ള കൈയേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കിൽ സമൂഹം ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയാറാകണമെന്നാണ് താരം പറയുന്നത്.
ലൈംഗികതയെ വിശുദ്ധിയുള്ളതോ, അശുദ്ധിയുള്ളതോ ആയി കാണുന്നത് ആദ്യം നിറുത്തണം. കന്യകാത്വമെന്നത് പെൺകുട്ടികൾ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭർത്താവിന് സമ്മാനമായി നൽകേണ്ടതോ അല്ല. ഒരു സ്ത്രീ നോ എന്ന് പറഞ്ഞാൽ അത് പ്രസ്താവനയുടെ അവസാനമാണെന്ന് ആൺകുട്ടികൾ മനസിലാക്കണം. ഇവിടെ സ്ത്രീകൾ നോ പറഞ്ഞാലും ചില പുരുഷന്മാർ പിന്മാറില്ല. അവരുടെ പിന്നാലെ നടന്ന് നിർബന്ധിച്ച് എതിർക്കാനുള്ള അവരുടെ ശേഷിയെ ദുർബലപ്പെടുത്തിയ ശേഷം അവർ പറഞ്ഞ നോ എന്ന ഉത്തരത്തെ യെസ് ആക്കി മാറ്റാൻ ശ്രമിക്കും. നോ എന്നാണ് മനസ്സു പറയുന്നതെങ്കിൽ അങ്ങനെ തന്നെ ഉറപ്പിച്ചു പറയണമെന്ന് നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കണം. അതുപോലെ തന്നെ പ്രധാനമാണ് വേണം എന്നു തോന്നുകയാണെങ്കിൽ യെസ് എന്ന് മറുപടി പറയുന്നതെന്നും പെൺകുട്ടികളെ പഠിപ്പിക്കണം.
ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാൻ ഇന്ത്യയിലെ മാതാപിതാക്കൾ തയാറല്ല. കഴിഞ്ഞ 20 വർഷമായി പെൺകുട്ടികൾക്ക് ബോധവത്കരണം നൽകുന്നുണ്ട്. പക്ഷേ ആൺകുട്ടികൾക്ക് ഇതു സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ നമ്മൾ മറന്നുപോയി.
ഇപ്പോൾ പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും സ്വയം പര്യാപ്തരുമാണ്. പക്ഷേ, പുരുഷന്മാരിൽ പലർക്കും മോഡേണായ, ഫോർവേഡായി ചിന്തിക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് നല്ല ധാരണയില്ലെന്നും താരം തുറന്നു പറയുന്നു.