മുംബയ്:എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ കൺസോർഷ്യത്തെ 9,000 കോടി രൂപ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബയ് പ്രത്യേക കോടതി 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി'യായി പ്രഖ്യാപിച്ചു.
2018 ആഗസ്‌റ്രിൽ പ്രാബല്യത്തിൽ വന്ന ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് നിയമപ്രകാരം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) അപേക്ഷ പ്രകാരമാണ് നടപടി.
ഇതോടെ, മല്യയുടെ മുഴുവൻ സ്വത്തുക്കളും കേന്ദ്രസർക്കാരിന് കണ്ടുകെട്ടാം. മല്യയുടെ 12,500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ നിയമപ്രകാരം 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി'എന്ന പേരുദോഷം കിട്ടുന്ന ആദ്യ ബിസിനസുകാരനാണ് 62കാരനായ വിജയ് മല്യ.
ഇ.ഡിയുടെ അപേക്ഷ പരിഗണിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബർ 30ന് മല്യ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയിരുന്നില്ല.
പിടികിട്ടാത്ത സാമ്പത്തിക കുറ്റവാളി
100 കോടി രൂപയ്‌ക്കുമേലുള്ള പണം വെട്ടിപ്പ് കേസുകളിൽ ഉൾപ്പെടുകയും അറസ്‌റ്റ് വാറന്റുകൾ കൈപ്പറ്റാതെ വിദേശത്തേക്ക് മുങ്ങുകയും ചെയ്യുന്നവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് എക്കണോമിക് ഒഫൻഡർ) പ്രഖ്യാപിക്കുന്നത്. എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിന് വിജയ് മല്യ 9,000 കോടിയോളം രൂപ വായ്‌പാ ഇനത്തിൽ തിരിച്ചടയ്‌ക്കാനുണ്ട്. 2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. മുന്നൂറോളം ബാഗുകളുമായാണ് മല്യ മുങ്ങിയതെന്ന് കോടതിയിൽ ഇ.ഡി സൂചിപ്പിച്ചിരുന്നു.
മല്യയെ ഇന്ത്യയ്ക്ക് കൈമാറണം
2017 ഏപ്രിൽ 18ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത വിജയ് മല്യയെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ഇക്കഴിഞ്ഞ ഡിസംബർ 10ന് ബ്രിട്ടീഷ് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ മല്യ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. അഗസ്‌റ്റ വെസ്‌റ്ര്‌ലാൻഡ് കോപ്‌റ്റർ അഴിമതിക്കേസിലെ പ്രതി ക്രിസ്‌റ്ര്യൻ മിഷേലിനെ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറിയതിന് പിന്നാലെ, ബാങ്കുകളിൽ നിന്നെടുത്ത വായ്‌പയുടെ 'മുതൽ' മാത്രം തിരിച്ചടയ്‌ക്കാമെന്ന് മല്യ പറഞ്ഞിരുന്നു. അത് ബാങ്കുകൾ തള്ളി. പലിശയടക്കം മുഴുവൻ തുകയും വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് നിയമം, 2018
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി തുടങ്ങിയ വൻകിട ബിസിനസുകാർ ബാങ്കുകളിൽ നിന്ന് വൻതുക വെട്ടിച്ച് വിദേശത്തേക്ക് മുങ്ങുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് നിയമം കൊണ്ടുവന്നത്.