ന്യൂഡൽഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി അരവിന്ദ് കുമാറാണ് മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. പണമിടപാട് സംബന്ധിച്ച സി.ബി.ഐ യുടെ കണ്ടെത്തലും എൻഫോഴ്സ്‌മെന്റിന്റെ കണ്ടെത്തലും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് തെളിഞ്ഞതോടെയാണ് മിഷേലിനെ എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്‌തത്. അതിന് ശേഷം മിഷേലിനെ ഏഴ് ദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.
യു.പി.എ ഭരണകാലത്ത് ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയിൽ നിന്ന് 3600 കോടി രൂപയ്‌ക്ക് 12 വി. വി. ഐ. പി ഹെലികോപ്ടറുകൾ വാങ്ങിയതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ വാങ്ങിയെന്നാണ് കേസ്. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് വിവാദം ഉയർന്നതും കേസ് അന്വേഷണം തുടങ്ങിയതും. ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേൽ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ദുബായിൽ താമസിക്കുകയായിരുന്ന മിഷേലിനെ ( 54) വിട്ടുകിട്ടാൻ ഇന്ത്യ കഴിഞ്ഞ വർഷം യു. എ. ഇ സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
ഇന്റർപോളും നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായ മിഷേലിനെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള ദുബായിലെ കീഴ്‌ക്കോടതി വിധി കഴിഞ്ഞ മാസം 19ന് പരമോന്നത കോടതി ശരിവച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് പകരം വിദേശമന്ത്രാലയമാണ് കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാൽ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.