village

ന്യൂഡൽഹി: ആളുകളെ മാത്രമല്ല, ചില സ്ഥലങ്ങളെയും നാണം കെടുത്താൻ ഒരു പേരുമതി. ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ട നിരവധി ഗ്രാമങ്ങളുണ്ട് ഉത്തരേന്ത്യയിൽ. പുറത്ത് പറയാൻ കൊള്ളാത്ത പേരുകൾ ഒടുവിൽ ഇവർക്ക് മാറ്റേണ്ടിയും വന്നു.

ഹരിയാനയിലെ 'ഗന്ധാ"(വൃത്തിയില്ലാത്ത) ഗ്രാമക്കാർക്ക് ഈ തലവേദന തുടങ്ങിയിട്ട് വർഷങ്ങളായി. ഗ്രാമത്തിന്റെ പേരുകാരണം പരിഹാസവും വിവാഹം മുടങ്ങലും സ്ഥിരമായിരുന്നു. വർഷങ്ങൾക്കു മുമ്പ് വെള്ളപ്പൊക്കം വന്ന് ഗ്രാമം മുങ്ങിയശേഷമാണ് ഇവർക്ക് ഗന്ധ എന്ന പേരു കിട്ടിയത്. അങ്ങനെ 2016ലാണ് പേരുമാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഗ്രാമവാസികൾ ആവശ്യപ്പെട്ടത്. ഒടുവിൽ പേര് 'അജിത് നഗർ" എന്നാക്കി അപമാനത്തിൽ നിന്ന് ഗ്രാമീണർ രക്ഷപ്പെട്ടു.

2016ലാണ് മഹാരാഷ്ട്രയിലെ 'കിന്നർ" (ട്രാൻസ്ജെൻഡർ) ഗ്രാമത്തെ 'ഗൈബി നഗർ" ആക്കിയത്.

രാജസ്ഥാനിലെ അൽവാറിലെ ചോർ ബസായ് (കള്ളൻ)യുടെ പേരിപ്പോൾ ബസായ് എന്ന് മാത്രമായി.

ഇത്തരത്തിൽ ഉത്തരേന്ത്യയിലെ അൻപതോളം ഗ്രാമങ്ങളാണ് പേരുമാറ്റാനായി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിൽ നാൽപതോളം ഗ്രാമങ്ങളുടെ ആവശ്യം നടപ്പാക്കിയിട്ടുണ്ട്.

എന്നാൽ പേരുമാറ്റം അത്ര എളുപ്പമല്ല. സംസ്ഥാന സർക്കാർ അംഗീകരിച്ചാലും കേന്ദ്രത്തിന്റെ അനുമതിയാണ് അന്തിമം. പേരുമാറ്റത്തിന് മതിയായ കാരണങ്ങളും ബോധിപ്പിക്കണം. റെയിൽവേ, പോസ്റ്റൽ വകുപ്പുകളിൽ നിന്നും അനുമതി ലഭിക്കണം.

ഹരിയാനയിലെ ലുല അഹിർ ( ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന വാക്ക്) എന്ന ഗ്രാമം ദേവ് നഗർ എന്ന് പേരുമാറ്റാൻ ശ്രമിച്ചെങ്കിലും ഈ പേര് മറ്റൊരു ഗ്രാമത്തിനുണ്ടെന്ന പേരിൽ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.