പത്തനംതിട്ട:ശബരിമല വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി സന്നിധാനത്തേയ്‌ക്ക് പോകാൻ അനുമതി നൽകാത്തതിനെതിരെ ഹൈദരാബാദിലെ ടി.വി 9 ചാനലിന്റെ വനിതാ മാദ്ധ്യമപ്രവർത്തക ദീപ്‌തി വാജ്പേയി പ്ലക്കാർഡുമായി നിലയ്‌ക്കൽ പൊലീസ് കണ്‍ട്രോൾ റൂമിന് മുമ്പിൽ പ്രതിഷേധം നടത്തുന്നു. മൂന്നു ദിവസമായി നിലയ്‌ക്കലിലും പമ്പയിലും റിപ്പോർട്ടിംഗിനായി ദീപ്‌തി എത്തിയിരുന്നു.
തെലങ്കാനയിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ പ്രതികരണം എടുത്ത് വാർത്ത തയ്യാറാക്കാൻ വേണ്ടിയാണ് താൻ പമ്പയിലെത്തിയതെന്ന് ദീപ്‌തി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സന്നിധാനത്തേക്കില്ലെന്നും പമ്പയിൽ നിന്നും തിരിച്ചുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, സന്നിധാനത്തെത്തി റിപ്പോർട്ടിംഗ് നടത്താൻ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്‌തിയുടെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ദീപ്‌തി മടങ്ങാനൊരുങ്ങുകയാണ്. സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്‌തിക്കൊപ്പം വിടാൻ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.