ടോക്കിയോ: ചൂര ചൂരേയ്...അസൽ ജപ്പാൻ ചൂരേയ്...ഒന്നിന് വില വെറും 21 കോടീ...!
കഴിഞ്ഞ ദിവസം ജപ്പാനിലെ സുകിജി മത്സ്യമാർക്കറ്റിലാണ് അപൂർവ ഇനമായ ബ്ലൂഫിൻ ചൂരയെ 3.1ദശലക്ഷം ഡോളറിന് ( 21 കോടി രൂപ ) പുതുവർഷ പ്രഭാതത്തിലെ ലേലത്തിൽ വിറ്റത്. 278 കിലോഗ്രാം ഭാരമുള്ള ഭീമൻ ചൂര വാങ്ങിയത് ജപ്പാനിലെ പ്രമുഖ റെസ്റ്റോറന്റ് ബിസിനസുകാരനായ കിയോഷി കിമുറയാണ്. ഇതൊരു സർവകാല റെക്കാഡാണ്. 2013ൽ കിയോഷി കിമുറ തന്നെ മത്സ്യലേലത്തിൽ നൽകിയ 1.4 ദശലക്ഷം ഡോളറിന്റെ ( 9.8 കോടി രൂപ) ഇരട്ടിയിലേറെയാണിത്.
ഫ്ലൂഫിൻ ചൂരയ്‌ക്ക് സാധാരണ കിലോയ്‌ക്ക് 2500 രൂപ വരെയാണ് വില. ഇത്തവണത്തെ പുതുവത്സര ലേലത്തിൽ അത് ഏഴരലക്ഷത്തിലധികം രൂപയായി കുതിച്ചുയർന്നു.
ലോകത്ത് ബ്ലൂഫിൻ ചൂര (ട്യൂണ)യുടെ വലിയ ആരാധകരാണ് ജപ്പാൻകാർ. ഇവരുടെ ചൂര പ്രേമം കൊണ്ട് പസിഫിക്കിലെ ബ്ലൂഫിൻ ചൂരകളുടെ 96 ശതമാനവും കുറഞ്ഞെന്നും ഇവ വംശനാശ ഭീഷണിയിലേക്ക് നീങ്ങുകയാണെന്നും കണക്കുകൾ പറയുന്നു.
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മത്സ്യ മാർക്കറ്റുകളിലൊന്നാണ് സുജികിയിലേത്.