പത്തനംതിട്ട: ശബരിമലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഇന്ന് അവസാനിക്കേണ്ടിയരുന്ന നിരോധനാജ്ഞയാണ് ജില്ലാകളക്ടർ നീട്ടിയത്. നിരോധനാജ്ഞ നീട്ടണമെന്ന ജില്ലാപൊലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ടിനെതുടർന്നാണ് നടപടി. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരും റിപ്പോർട്ടിനെ അനുകൂലിച്ചു.
ഇലവുങ്കൽ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. എന്നാൽ ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് ദർശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരിക്കില്ല.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷങ്ങളുടെ സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെ പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.