shashi-tharoor-

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരാകും പ്രധാനമന്ത്രിയാകുക എന്ന റോബോട്ടിന്റെ ചോദ്യത്തിന് സമർത്ഥമായി മറുപടി പറഞ്ഞ് ശശി തരൂർ എം.പി.

ബി.ജെ.പിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാൽ ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ ഒരു ഐക്യമുന്നണി രൂപപ്പെടാനാണ് സാദ്ധ്യതയെന്ന് തരൂർ മറുപടി നൽകി. തുടർന്ന് രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമോയെന്ന് റോബോട്ട് തരൂരിനോട് ചോദിച്ചു. കോൺഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയിൽ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാമെന്ന് തരൂർ സൂചിപ്പിച്ചു.

ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് വേദിയിലാണ് തരൂരിനോട് റോബോട്ടിന്റെ ചോദ്യം.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നുണ്ടായ ഹർത്താലിനിടെ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഇൻകെർ റോബോട്ടിന് ദു:ഖം. താൻ ഹർത്താലിന് എതിരാണെന്ന് ശശി തരൂർ‌ എം.പി പറഞ്ഞു. ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ് ഹർത്താലുകൾ. സമൂഹത്തിലെ അതിക്രമങ്ങൾക്കെതിരെ, പ്രത്യേകിച്ച് മാദ്ധ്യമപ്രവർത്തർക്കു നേരെയുള്ള ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല. മാദ്ധ്യമങ്ങൾ സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അക്രമികളെ ജനങ്ങൾ തന്നെ ഒറ്റപ്പെടുത്തി മാറ്റിനിറുത്തണം. മാദ്ധ്യമങ്ങളുടെ നിലപാട് എപ്പോഴും ശരിയാകണമെന്നില്ലെന്നും തരൂർ പറഞ്ഞു.

കടുകട്ടി വാക്കുകൾ തരൂർ പ്രയോഗിക്കുന്നതിനെ കുറിച്ചായിരുന്നു റോബോട്ടിന്റെ അടുത്ത സംശയം.

ഹിപ്പോപൊട്ടോമോൺസ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ എന്ന വാക്കിന് പകരം ചെറിയ വാക്ക് പ്രയോഗിക്കാത്തതെന്തെന്നായിരുന്നു റോബോട്ടിന്റെ മറ്റൊരു ചോദ്യം. നീളമുള്ള വാക്കുകളോടുള്ള ഭയമെന്നാണ് ആ വാക്കിനർത്ഥമെന്നും ആ ഭയം അനാവശ്യമാണെന്നും തരൂർ മറുപടി നൽകി. മഹാപ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ അവസ്ഥയും ഇരുവർക്കുമിടയിൽ ചർച്ചാവിഷയമായി.