india

ദുബായ്: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് ആദ്യമായി പന്ത് തട്ടും. ഗ്രൂപ്പ് എയിലെ മത്സരത്തിൽ തായ്ലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 7 മുതൽ അബുദാബിയിലെ അൽ നഹ്യാൻ സ്റ്രേഡിയത്തിലാണ് മത്സരം. ഐ ലീഗ്, ഐ.എസ്.എൽ തുടങ്ങിയവയിലൂടെ ഫുട്ബാൾ രംഗത്ത് പത്തനുണർവിന് ശ്രമിക്കുന്ന ഇന്ത്യ ഇത്തവണ ഏഷ്യൻ കപ്പിൽ നോക്കൗട്ട് സ്വപ്നം കാണുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ തായ്ലൻഡിനെക്കൂടാതെ ആതിഥേയരായ യു.എ.ഇയേയും ബഹ്റിനെയും ആണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ഇതിൽ യു.എ.ഇ മാത്രമാണ് റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ടീം. അതേസമയം റാങ്കിംഗിൽ പിന്നിലാണെങ്കിലും തായ്ലൻഡിനെയും ബഹ്റിനെയും നിസാരരായി കാണാനാകില്ല.

ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിന്റെ ഫൈനൽ റൗണ്ടിൽ കളിക്കുന്നത്. അവസാനമായി കളിച്ച 2011ൽ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. എന്നാൽ ഇത്തവണ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ മികച്ച മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് യുവത്വവും പരചയസമ്പത്തും അടങ്ങിയ ടീം ഇറങ്ങുന്നത്. ടൂർണമെന്റിന് മുന്നോടിയായി മികച്ച മുന്നൊരുക്കമാണ് ഇന്ത്യ നടത്തിയത്. സന്നാഹ മത്സരങ്ങളിൽ ഇറ്രലിയെ ലോകചാമ്പ്യൻമാരാക്കിയ മാർസെലോ ലിപ്പി പരിശീലിപ്പിക്കുന്ന കരുത്തരായ ചൈനയേയും തങ്ങളേക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ഒമാനെയും സമനിലയിൽ തളച്ചു. ജോർദാനെതിരെ 2-1ന് തോറ്രെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.

ഇന്ന് ജയിക്കണം

ഇന്ന് ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ മത്സരത്തിൽ തായ്ലൻഡിനെ തോൽപ്പിക്കാനായാൽ യു.എ.ഇക്കും ബഹ്റിനുമെതിരെ സമനില നേടയാൽ പോലും ഇന്ത്യയ്ക്ക് നോക്കൗട്ടിൽ എത്താനാകും.

പ്രതീക്ഷയോടെ

മികച്ച മുന്നേറ്രനിരയുള്ള തായ്ലൻഡിന്റെ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുകയെന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. സന്ദേശ് ജിങ്കൻ നയിക്കുന്ന പ്രതിരോധത്തിൽ മലയാളി താരം അനസ് എടത്തൊടികയ്ക്കും കോച്ച് കോൺസ്റ്റന്റൈൻ അവസരം നൽകിയേക്കും. ഗോളി ഗുർപ്രീത് സിംഗ് സന്ധുവിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് പ്ലസ് പോയിന്റാണ്. മുന്നേറ്ര നിരയിൽ ഛേത്രിയെ വിശ്വസിക്കാമെങ്കിലും ജെജെ ഫോമിലേക്കുയരാത്തതാണ് തലവേദന. സുമിത്ത് പാസി ഫോമിലാണ്. അനസിനെക്കൂടാതെ ആഷിക്ക് കരുണിയനാണ് ഇന്ത്യൻ ടീമിലെ മറ്രൊരു മലയാളി സാന്നിധ്യം.

സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്.

ഇന്ത്യ @ ഏഷ്യൻ കപ്പ്

1964- റണ്ണറപ്പ്

1984 - ഗ്രൂപ്പ് ഘട്ടം

2011- ഗ്രൂപ്പ് ഘട്ടം