jappan

ടോക്യോ: ജപ്പാനിൽ ഒരു മത്സ്യം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. ജപ്പാനിലെ സുഷി വ്യാപാരി വാങ്ങിയ മീനിന്റെ വില കേട്ട് ആരും ഞെട്ടരുത്. വെറും 31 ലക്ഷം ഡോളർ അതായത് 21.55 കോടി രൂപ. ടോക്യോയിലെ സുകിജി ഫിഷ് മാർക്കറ്റിൽ നിന്നാണ് ട്യൂണ മത്സ്യത്തെ കിയോഷി കിമുറ എന്ന കോടീശ്വരൻ വാങ്ങിയത്. മുമ്പ് സമാന രീതിയിൽ 10 കോടിയോളം മുടക്കി ട്യൂണ മത്സ്യത്തെ വാങ്ങിയതതും വാർത്തയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മത്സ്യങ്ങളിലൊന്നാണ് ട്യൂണ. സുകിജി ഫിഷ് മാർക്കറ്റിൽ 278 കിലോ തൂക്കമുള്ള മത്സ്യത്തെയാണ് കിമുറ സ്വന്തമാക്കിയത്. ജപ്പാനിലെ വടക്കൻ തീരത്ത് നിന്നാണ് ഭീമൻ മത്സ്യമായ ട്യൂണയെ പിടികൂടുന്നത്. റെസ്റ്റോറന്റ് ഉടമയായ കിമുറ വിലകൂടിയ ട്യൂണ മത്സ്യത്തെ ഉപയോഗിച്ച് ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാനാണ് പരിപാടി. ട്യൂണ മത്സ്യ വിഭവത്തിന് കൂടുതൽ ആവശ്യക്കാർ എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

1995 മുതലാണ് സുകുജി മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ദിവസേനയുള്ള ട്യൂണ മത്സ്യങ്ങളുടെ വിൽപ്പന ലോകപ്രശസ്തമാണ്. കറുത്ത നിറമുള്ള ട്യൂണ മത്സ്യങ്ങൾക്കാണ് ജപ്പാനിൽ ആവശ്യക്കാർ കൂടുതലുള്ളത്. ഇതിന്റെ ലഭ്യത കുറവായതിനാൽ 'കറുത്ത വജ്രം' എന്നാണ് ഇവിടുത്തുകാർ ട്യൂണ മത്സ്യത്തെ വിളിക്കുന്നത്. ട്യൂണ മത്സ്യത്തിന്റെ ചെറിയ കഷ്ണം വാങ്ങണമെങ്കിൽ ആയിരങ്ങളാണ് വില കൊടുക്കേണ്ടത്.