parikkar

പനാജി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കൈവശമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നതോടെ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സുരക്ഷവർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. പാർട്ടി ഗോവ ഘടകമാണ് പരീക്കറുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്.

റാഫേൽ കരാറിലെ അഴിമതി വെളിവാക്കുന്ന രേഖകൾ ജനമദ്ധ്യത്തിൽ എത്തരുതെന്ന് ആഗ്രഹിക്കുന്നവർ പരീക്കറുടെ ജീവൻ അപായപ്പെടുത്താനുള്ള സാദ്ധ്യത ഏറെയാണെന്ന് കത്തിൽ പറയുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാലെയാണ് റാഫേലിലെ സുപ്രധാന രേഖകൾ പരീക്കറുടെ പക്കലുണ്ടെന്ന് പറയുന്ന ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണയുടെ ശബ്ദസന്ദേശം ചൊവ്വാഴ്ച പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ബി.ജെ.പിയെ അതിരൂക്ഷമായി വിമർശിച്ച്‌ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

പരീക്കർ ഇത്തരം വിവരങ്ങൾ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും അതിനാലാണ് അദ്ദേഹത്തെ ഗോവ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാത്തതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിൽ 36 റഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പിടുന്ന സമയത്ത് മനോഹർ പരീക്കറായിരുന്നു പ്രതിരോധമന്ത്രി.