modNIRAV

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ജീവനക്കാരുടെ ഒത്താശയോടെ 13,000 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വിവാദ വജ്ര വ്യാപാരി നീരവ് മോദിയെയും സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് എക്കണോമിക് ഒഫൻഡർ) പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്ര് മുംബയ് പ്രത്യേക കോടതിയെ സമീപിച്ചു. എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 9,000 കോടി രൂപ വായ്‌പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയെ പണം വെട്ടിപ്പ് സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന മുംബയ് പ്രത്യേക കോടതി ഫുജിറ്റീവ് എക്കണോമിക് ഒഫൻഡറായി പ്രഖ്യാപിച്ചിരുന്നു.

ഫുജിറ്രീവ് എക്കണോമിക്‌ ഒഫൻഡേഴ്‌സ് നിയമം കഴിഞ്ഞവർഷം നിലവിൽ വന്നശേഷം സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വ്യക്തിയാണ് മല്യ. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്രിന്റെ അപേക്ഷ നിരസിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട നീരവ് മോദി, താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പ‌ഞ്ചാബ് നാഷണൽ ബാങ്കും താനും തമ്മിൽ നടന്നത് ഏതൊരു പൗരനും സാദ്ധ്യമായ സിവിൽ ഇടപാട് മാത്രമാണെന്നും വാദിച്ചു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ ഇപ്പോൾ ഇന്ത്യയിലേക്ക് വാരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസിന്റെ പശ്‌ചാത്തലത്തിൽ നീരവ് മോദിയും അദ്ദേഹത്തിന്റെ അമ്മാവനും മറ്രൊരു മുഖ്യപ്രതിയുമായ മേഹുൽ ചോക്‌സിയും കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയിൽ നിന്ന് മുങ്ങിയത്. തുടർന്ന്, നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസികളും വിവിധ കോടതികളും സമൻസുകൾ അയയ്‌ച്ചെങ്കിലും ഇരുവരും ഒളിവിൽ തന്നെയാണ്. നീരവ് മോദി ലണ്ടനിലും ചോക്‌സി കരീബിയൻ രാജ്യമായ ആന്റിഗ്വയിലും ഉണ്ടെന്നാണ് സൂചനകൾ. ഇരുവരെയും ഇന്ത്യയ്ക്ക് വിട്ടുനൽകണമെന്ന് ഇരു രാജ്യങ്ങളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.