wal

മുംബയ്: തട്ടിപ്പിനിരയാവുന്ന ഇ-വാലറ്ര് ഇടപാടുകാർക്ക് ആശ്വാസമേകുന്ന നടപടിയുമായി റിസർവ് ബാങ്ക്. തട്ടിപ്പ് നടന്ന് മൂന്നു ദിവസത്തിനകം അത് റിപ്പോർട്ട് ചെയ്‌താൽ ഇ-വാലറ്റുടമകൾക്ക് പണം നഷ്‌ടമാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. നിലവിൽ ബാങ്കിംഗ് തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്കും ബാധകമായ നടപടിയാണിത്.

ഉപഭോക്താവോ ഇ-വാലറ്ര് കമ്പനിയോ അറിയാതെ, മൂന്നാംകക്ഷി നടത്തുന്ന തട്ടിപ്പുകൾക്കാണ് പുതിയ ചട്ടം ബാധകം. തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നത് നാല് മുതൽ ഏഴ് ദിവസത്തിന് ഇടയ്‌ക്കാണെങ്കിൽ, തട്ടിപ്പ് നടന്ന മുഴുവൻ തുക അല്ലെങ്കിൽ ഇടപാടിന് 10,000 രൂപ (ഏതാണോ കുറഞ്ഞ തുക) നഷ്‌ടപ്പെടും. ഇ-വാലറ്റുകൾ കെ.വൈ.സി പൂർത്തിയാക്കാത്ത ഇടപാടുകാരന് ഒരുദിവസം പരമാവധി 10,000 രൂപയുടെ ഇടപാട് നടത്താനാണ് അനുവദിക്കാറുള്ളത്. കൈ.വൈ.സി നടത്തിയ ഉപഭോക്താവിന് ഒരുലക്ഷം രൂപവരെ കൈകാര്യം ചെയ്യാം. തട്ടിപ്പ് നടന്ന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് അത് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ഇ-വാലറ്ര് കമ്പനിയുടെ ഡയറക്‌ടർ ബോർഡിന്റെ നയമാണ് ബാധകമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.