samajwadi

ലക്‌നൗ: ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയും ഒരുമിച്ച് മത്സരിക്കും. ബി.ജെ.പിക്കെതിരെ എസ്.പിയും ബി.എസ്.പിയും കോൺഗ്രസിനൊപ്പം മഹാസഖ്യത്തിൽ കൈകോർക്കുമെന്ന വാർത്തകളെ തള്ളിക്കൊണ്ടാണ് ഇന്നലെ ഇരു നേതാക്കളും കോൺഗ്രസിനൊപ്പം ചേരില്ലെന്ന് ഉറപ്പിച്ചത്. സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് രാജേന്ദ്ര ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മായാവതിയും അഖിലേഷും തമ്മിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കൊടുവിലാണ് സഖ്യത്തിൽ തീരുമാനമായത്. ചെറുപാർട്ടികളെയും പങ്കാളികളാക്കുമെന്നും ചൗധരി അറിയിച്ചു. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയിലും സ്ഥാനാർത്ഥികളെ നിറുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. എസ്.പി- ബി.എസ്.പി പാർട്ടികളുമായി സഖ്യത്തിന് തങ്ങളും താത്പര്യപ്പെടുന്നില്ലെന്ന് കോൺഗ്രസിന്റെ രാജ്യസഭാംഗം പി.എൽ.പുനിയയും ഇന്നലെ അറിയിച്ചു. സഖ്യം സാദ്ധ്യമല്ലെന്നും. ഏത് പാർട്ടിയുമായും സഖ്യ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും പുനിയ വ്യക്തമാക്കി. മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ യു.പിയിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിക്കുമ്പോൾ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ കൂടുതൽ സീറ്റുകൾ നേടാനാണ് എസ്.പിയുടെയും ബി.എസ്.പിയുടെയും ശ്രമം. മഹാസഖ്യത്തിലായാൽ സീറ്റുകളിലും മന്ത്രിസ്ഥാനങ്ങളിലും ഇരു പാർട്ടികൾക്കും പ്രാധാന്യം നൽകേണ്ടിവരും എന്നതാണ് കോൺഗ്രസിനെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. 2014ലെ ലോക്‌സഭാ വോട്ടിംഗ് ശതമാനം (വിജയിച്ച സീറ്റുകൾ) ബി.ജെ.പി 42.63 (71) എസ്.പി 22.35 (5) ബി.എസ്.പി 19.77 (0) കോൺ 7.53 ( 2) അവസരവാദ സഖ്യം: ബി.ജെ.പി എസ്.പി- ബി.എസ്.പി സഖ്യത്തെ അവസാരവാദികളുടെ സഖ്യമെന്ന് ബി.ജെ.പി കളിയാക്കി. ജനവിരുദ്ധമായ ഈ സഖ്യത്തെ പരാജയപ്പെടുത്തി യു.പിയിൽ ബഹുഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ഹീറോ ബാജ്പേയി അറിയിച്ചു.