india

സിഡ്നി: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിക്കാൻ ആസ്ട്രേലിയ പൊരുതുന്നു. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622/7 ഡിക്ലയേർഡിനെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിറുത്തുമ്പോൾ 236/6 എന്ന നിലയിൽ പതറുകയാണ്. 4 വിക്കറ്റ് മാത്രം കൈയിലിരിക്കേ ഇന്ത്യൻ സ്കോറിനെക്കാൾ 386 റൺസ് പിന്നിലാണവർ. ഫോളോ ഓൺ ഒഴിവാക്കണമെങ്കിൽ കംഗാരുക്കൾക്ക് ഇനി 186 റൺസുകൂടിവേണം.

വിക്കറ്റ് നഷ്ടമില്ലാതെ 24 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയ ഇന്ത്യൻ സ്പിൻ കെണിയിൽ കുടുങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജഡേജ രണ്ടു വിക്കറ്ര് നേടി. ഓപ്പണർമാരായ മാർക്കസ് ഹിരിസും (79)​ ഉസ്മാൻ ഖവേജയും (27)​ ശ്രദ്ധയോടെയാണ് ഇന്നലെ ഓസീസ് ഇന്നിംഗ്സ് തുടങ്ങിയത്. 14-ാം ഓവറിൽ ജഡേജയുടെ പന്തിൽ ഹാരിസ്‌ നൽകിയ ക്യാച്ച് മിഡ് ഓഫിൽ കെ.എൽ.രാഹുൽ നഷ്ടപ്പെടുത്തി. ഖവേജയുടെ വിക്കറ്റാണ് ഓസീസിന് ഇന്നലെ ആദ്യം നഷ്ടമായത്. ഖവാജയെ കുൽദീപിന്റെ പന്തിൽ പുജാരയാണ് പിടികൂടിയത്. പിന്നീടെത്തിയ ലബുസ്ചാഗ്‌നെയും ഹാരിസും ചേർന്ന് ഓസീസ് സ്കോർ നൂറ് കടത്തി. അർദ്ധ സെഞ്ച്വറിയും കടന്ന് നന്നായി കളിച്ചുവരികയായിരുന്ന ഹാരിസിനെ ക്ലീൻ ബൗൾഡാക്കി ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. 120 പന്ത് നേരിട്ട് 8 ഫോറുൾപ്പെട്ടതാണ് ഹാരിസിന്റെ ഇന്നിംഗ്സ്. ഹാരിസ് മടങ്ങിയ ശേഷമെത്തിയ ഷോൺ മാർഷ് (8) അധികം ചെറുത്ത് നിൽപ്പില്ലാതെ മടങ്ങി. ജഡേജയുടെ പന്തിൽ പുജാര പിടികൂടിയാണ് മാർഷ് മടങ്ങിയത്. അധികം വൈകാതെ നിലയുറപ്പിച്ച് കളിച്ചുവന്ന ലബുസ്ചാഗ്നെയും വീണു.ഇന്ത്യൻ നായകൻ കൊഹ്‌ലിയുടെ തന്ത്രത്തിന്റെ വിജയമായിരുന്നു ലബുസ്ചാഗ്‌നെയുടെ വിക്കറ്ര്. പന്തു പഴകിത്തുടങ്ങിയതോടെ റിവേഴ്സ് സ്വിംഗ് ലഭിച്ചു തുടങ്ങിയതിനാൽ ഓസീസ് ബാറ്റ്സ്മാൻമാർ സ്ട്രെയിറ്ര് ഷോട്ടുകൾ കൂടുതലായി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കൊഹ്‌ലി രഹാനെയെ ഷോട്ട് മിഡ്‌വിക്കറ്റിൽ അല്പം മാറ്രി നിറുത്തി. ഷമിയുടെ പന്തിൽ ഫ്ലിക്ക് ചെയ്യാനുള്ള ലബുസ്ചാംഗ്നെയുടെ ശ്രമം അതിമനോഹരമായ ക്യാച്ചിലൂടെ രഹാനെ വിക്കറ്രാക്കി മാറ്രുകയായിരുന്നു. 95 പന്തിൽ 7 ഫോറുൾപ്പെട്ടതാണ് ലെബുസ്ചാഗ്നെയുടെ ഇന്നിംഗ്സ്. ട്രാവിസ് ഹെഡ്ഡിനെ (20) കുൽദീപ് സ്വന്തം ബൗളിംഗിൽ പിടികൂടി. ക്യാപ്ടൻ ടിം പെയ്നെ (5) കുൽദീപ് ക്ലീൻ ബൗൾഡാക്കി. പെയ്ൻ മടങ്ങുമ്പോൾ 198/5 എന്ന നിലിയിലായിരുന്നു ആസ്ട്രേലിയ. 28 റൺസുമായി ഹാൻഡ്സ്കോമ്പും 25 റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ.