കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് വിളിച്ചുചേർത്ത മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.എ.എസിലെ മൂന്നിൽ രണ്ടു നിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നാക്ക വിഭാഗങ്ങളോടുള്ള അനീതിയാണെന്നും സർക്കാർ ഇതു തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഉള്ളതുകൊണ്ടാണ് സർക്കാർ സർവീസിൽ ചെറിയ പ്രാതിനിദ്ധ്യമെങ്കിലും കിട്ടുന്നത്. സംവരണത്തോതിന് അനുസരിച്ചു പോലും നിയമനം നടക്കുന്നില്ലെന്നു നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെടെ വ്യക്തമാക്കപ്പെട്ടതാണ്. സംവരണം നിഷേധിക്കപ്പെടുന്ന എല്ലാ സമുദായ നേതാക്കളുടെയും സംയുക്ത യോഗം ന്യൂനപക്ഷ പിന്നോക്ക സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ഉടൻ വിളിക്കും. സംവരണ നിഷേധം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും. പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുകയും പ്രത്യക്ഷ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയും ചെയ്യും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് (മുസ്ലിം ലീഗ്), ബഹാഉദ്ദീൻ നദ്‌വി, കെ മോയിൻകുട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ (സമസ്ത), ഡോ.ഹുസൈൻ മടവൂർ (കെ.എൻ.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.പി അബ്ദുറഹിമാൻ പെരിങ്ങാടി (ജമാ അത്തെ ഇസ്ലാമി), കെ. സജ്ജാദ് (വിസ്ഡം), വി.പി അബ്ദുറഹിമാൻ, സി.ടി സക്കീർ ഹുസൈൻ (എം.ഇ.എസ്), ടി.കെ അബ്ദുൽകരീം, എൻജിനിയർ പി. മമ്മദ് കോയ (എം.എസ്.എസ്), കെ. കുട്ടി അഹമ്മദ് കുട്ടി (ന്യൂനപക്ഷ പിന്നാക്ക സമിതി, കൺവീനർ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.