udf

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേന്ദ്രം അടിയന്തരമായി നിയമം നിർമ്മിക്കണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.

കേന്ദ്രം നിയമം നിർമ്മിക്കുക, നിയമസഭ വിളിച്ച് കേന്ദ്രത്തോട് നിയമനിർമ്മാണം ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുക എന്നീ ആവശ്യങ്ങളാണ് ഇന്നലത്തെ മുന്നണിയോഗം ഉന്നയിച്ചത്. ഓർഡിനൻസ് ആവശ്യവുമായി യു.ഡി.എഫ് എം.പിമാർ പ്രധാനമന്ത്രിയെ കാണില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമലയ്‌ക്കൊപ്പം മറ്റ് വിഷയങ്ങളും ഉന്നയിച്ച് സംഘടനാപ്രവർത്തനം ശക്തമാക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള സമരപരിപാടികൾക്കും രൂപം നൽകി.

ജാതി, മത ഭിന്നത വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനാണ് സി.പി.എമ്മിന്റെ ശ്രമമെന്ന് യോഗ തീരുമാനം വിശദീകരിച്ച വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആർ.എസ്.എസിനെ ശക്തിപ്പെടുത്തുക എന്ന അജൻഡയാണ് സി.പി.എമ്മിന്. അതുവഴി യു.ഡി.എഫിനെ ദുർബലപ്പെടുത്താമെന്നത് തെറ്റിദ്ധാരണയാണ്. ആർ.എസ്.എസും ബി.ജെ.പിയും സംഘപരിവാറും അക്രമം അഴിച്ചുവിട്ട് കലാപമുണ്ടാക്കുമ്പോൾ സി.പി.എം പച്ചക്കൊടി കാട്ടുന്നു. താൻ പറഞ്ഞത് എസ്.പിമാർ അനുസരിച്ചില്ലെന്ന് ഡി.ജി.പി തുറന്ന് പറയുന്നു. ഡി.ജി.പിയെ എസ്.പിമാർ അനുസരിക്കാത്തത് കേരളത്തിൽ ആദ്യമാണ്. ഇവർക്കെതിരെ നടപടിയെടുക്കണം. പാർട്ടി ജില്ലാ സെക്രട്ടറിമാരാണ് എസ്.പിമാരെ നിയന്ത്രിക്കുന്നത്. അവരുടെ അനുമതി ഇല്ലാത്തതിനാലാണ് എസ്.പിമാർ ഡി.ജി.പിയെ അനുസരിക്കാത്തത്. കലാപമുണ്ടാകട്ടെയെന്നാണ് ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.

മതന്യൂനപക്ഷ കേന്ദ്രങ്ങളിൽ അക്രമത്തിന് സി.പി.എം സൗകര്യമൊരുക്കുന്നു. കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുതെറിപ്പിച്ചതും പോരാ, അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സെല്ലിൽ ഇട്ടു. സി.പി.എം പ്രവർത്തകർ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്പിച്ച സംഭവമുണ്ട്. പ്രതിഷേധമൊന്നും വേണ്ടെന്നാണ് അന്ന് പി.സി.സി പ്രസിഡന്റായ തന്നോട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞത്. ആ മനസ് ഇന്നത്തെ മുഖ്യമന്ത്രിക്കില്ല. കോൺഗ്രസിനെയും ബി.ജെ.പിയെയും കൂട്ടിക്കെട്ടിക്കാൻ സി.പി.എം ഗീബൽസിയൻ പ്രചരണം അഴിച്ചുവിടുന്നു. 77 മുതൽ ജനസംഘത്തിനും ബി.ജെ.പിക്കും ചുവപ്പ് പരവതാനി വിരിച്ചത് സി.പി.എമ്മാണ്. പിണറായി വിജയൻ കൂത്തുപറമ്പ് എം.എൽ.എ ആയത് അങ്ങനെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ യുവതീപ്രവേശന സെൽ തുടങ്ങി. അർദ്ധരാത്രിയിൽ യുവതികളെ ശബരിമലയിൽ കയറ്റി സ്ഥിരീകരിക്കലാണ് ജോലി. വിശ്വാസികളെ വിഭജിക്കാമെന്ന് കരുതേണ്ട.

തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടനുസരിച്ച് വനിതാമതിലിൽ 12ലക്ഷത്തിൽ താഴെ ആളുകളേ പങ്കെടുത്തുള്ളൂ. അതും സമ്മർദ്ദത്തിന്റെയും ഭീഷണിയുടെയും സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെയും ഫലമായാണെന്നും ചെന്നിത്തല പറഞ്ഞു.

സമരം ഇങ്ങനെ

 സംഘപരിവാറും സി.പി.എമ്മും കേരളത്തെ ഭ്രാന്താലയമാക്കുന്നു എന്നാരോപിച്ച് സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഈ മാസം 12ന് തിരുവനന്തപുരത്തെ വിവേകാനന്ദപ്രതിമയ്ക്ക് മുന്നിൽ യു.ഡി.എഫ് നേതാക്കൾ ഉപവസിക്കും.

 ക്രമസമാധാനത്തകർച്ച, ഭരണസ്തംഭനം, വിശ്വാസത്തിന് നേർക്കുള്ള കടന്നാക്രമണം എന്നിവ ഉന്നയിച്ച് 23ന് തലസ്ഥാനത്ത് സെക്രട്ടേറിയറ്റും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളും ഉപരോധിക്കും. ഇത് യു.ഡി.എഫിന്റെ ശക്തിപ്രകടനങ്ങളാക്കും.