മലയാള സിനിമയുടെ അഭിമാനമായ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളുമായി പേരൻപിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലാണ് ട്രെയിലർ പങ്കുവച്ചത്. സിനിമ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ പേരൻപിന്റെ റിലീസിനായി മമ്മൂട്ടി ആരാധകർ കാത്തിരിക്കുകയാണ്.
തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരൻപ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വെെകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അമുദൻ എന്ന കഥാപാത്രമായി മമ്മൂട്ടി ട്രെയിലറിൽ വിസ്മയിപ്പിക്കുന്നുണ്ട്. സാധനയാണ് ചിത്രത്തിൽ അമുദന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്.
പി.എൽ തേനപ്പൻ നിർമ്മിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി അഞ്ജലി,അഞ്ജലി അമീർ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിർവഹിക്കുന്നത് യുവൻശങ്കർ രാജയാണ്. ഫെബ്രുവരിയിൽ ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തും.