മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ജന്മദിനാശംസ നേർന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ. ഇന്ന് ജഗതി ശ്രീകുമാറിന്റെ 68-ാം ജന്മദിനമായിരുന്നു. എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് ജന്മദിനാശംസകൾ , എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചത്.
മോഹൻലാലും ജഗതിയും ചേർന്ന് അഭിനയിച്ച കോമഡി രംഗങ്ങൾ മലയാളത്തിന്റെ വെള്ളിത്തിരയെ കുടുകുടെ ചിരിപ്പിച്ചിരുന്നു. കിലുക്കത്തിലെ ജോജിയും നിശ്ചലും, യോദ്ധയിലെ തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുക്കുട്ടനുമൊക്കെ ഇന്നും മലയാളികൾ ഓർക്കുന്ന കഥാപാത്രങ്ങളാണ്.
പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5ന്, തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. ഹാസ്യനടൻ മാത്രമായിരുന്നില്ല, സ്വഭാവനടനായും വില്ലനായുമെല്ലാം ജഗതി അതിശയിപ്പിച്ചിട്ടുണ്ട്.
2012 മാർച്ച് 10ന് ദേശീയ പാതയിൽ മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്ര വളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ചികിത്സകൾക്കൊടുവിൽ തിരിച്ചുവരവിന്റെ പാതയിലാണ് മലയാളത്തിന്റെ പ്രിയനടൻ.