kk-shylaja

തൊടുപുഴ: സർക്കാർ പരിപാടികളിൽ പ്രോട്ടോക്കോ‍ൾ ലംഘിച്ചു എന്നാരോപിച്ച് തൊടുപുഴ എം.എൽ.എ പി.ജെ. ജോസഫ് രൂക്ഷമായി വിമർശിച്ചു. പി.ജെ. ജോസഫിന്റെ പരാമർശത്തെ തുടർന്ന് മന്ത്രി കെ.കെ ശെെലജ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാതെ മടങ്ങി. എം.എൽ.എ ഇല്ലാത്ത ചടങ്ങിൽ മന്ത്രി എന്ന നിലയിൽ ‌ഞാൻ പങ്കെടുക്കില്ല എന്നായിരുന്നു കെ.കെ ശെെലജയുടെ നിലപാട്.

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന കാർഷികമേളയുടെ സെമിനാറിലാണ് സംഭവം അരങ്ങേറുന്നത്. മണ്ഡലത്തിലെ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് പ്രോട്ടോക്കോ‍ൾ പ്രകാരം അദ്ധ്യക്ഷനാകേണ്ടിയിരുന്ന സ്ഥലം എം.എൽ.എ പി.ജെ. ജോസഫിനെ പ്രസംഗികരുടെ പട്ടികയിൽ ഉൾപെടുത്തിയതാണ് പ്രശ്നത്തിന് കാരണം. മാത്രമല്ല ഈ പരിപാടികളിൽ മന്ത്രി എം.എം. മണിയെയാണു അധ്യക്ഷനായി നിയോഗിച്ചത്. സ്വന്തം മണ്ഡലത്തിലെ പരിപാടിയിൽ തന്നോട് ആലോചിക്കാതെ പ്രോഗ്രാം നോട്ടിസ് അച്ചടിച്ചതിനെതിരെയും എം.എൽ.എ വിമർശിച്ചു. ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ കൂടിയാണ് പി.ജെ ജോസഫ്.

എം.എൽ.എ പി.ജെ.ജോസഫിനോട് കൂടിയാലോചിച്ച ശേഷമാണ് പ്രോഗ്രാം നിശ്ചയിച്ചതെന്നാണു താൻ കരുതിയതെന്ന് മന്ത്രി ശൈലജ പറഞ്ഞു. എം.എൽ.എയുടെ പരാമർശത്തിന് ശേഷമാണ് മന്ത്രി തുറന്നടിച്ചത്. തുടർന്നാണ് കരിമണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ മന്ത്രി മടങ്ങിയത്.