കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കോഴിക്കോട് മിഠായിത്തെരുവിൽ സംഘപരിവാർ ആക്രമണത്തിൽ നിന്ന് വ്യാപാരികൾക്ക് സുരക്ഷ ഏർപ്പെടുത്താൻ സാധിക്കാതിരുന്നത് ജില്ലാ പൊലീസ് മേധാവിയുടെ വീഴ്ചയാണെന്ന ആരോപണവുമായി പൊലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോഴിക്കോട്ടെ സിവിൽ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നാണ് മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
എണ്ണത്തിൽ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തിൽ ദുർബലമായിരുന്നു കോഴിക്കോട്ടെ പൊലീസ് സംരക്ഷണം. എന്ത് കൊണ്ട്? ആരാണുത്തരവാദി? ആ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് കോഴിക്കോട്ടെ ജില്ലാ പൊലീസ് മേധാവി ഒരു വൻ പരാജയമാണെന്നു തിരിച്ചറിയുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാൻ പറ്റിയില്ലെന്ന പൊലീസ് മേധാവിയുടെ വാദം ശരിയല്ല. മിഠായിത്തെരുവിൽ അക്രമികള്‍ വന്നത് ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുൻപേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളിൽ അക്രമികളെ തടയാനുള്ള പോലീസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു പക്ഷെ അതുണ്ടായില്ലെന്ന് ഉമേഷ് പറയുന്നു.
സർക്കാരും ഡി ജി.പിയും നിർദ്ദേശിച്ച പ്രകാരം കടകൾക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പൊലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങൾ കൊണ്ടോയെന്ന് ഉമേഷ് ചോദിക്കുന്നു.
ഉത്തരേന്ത്യൻകലാപങ്ങളുടെ മാതൃകയിൽ റോഡുകളിലൂടെ ( ആ സമയത്ത് ഒരു പോലീസ് സാന്നിധ്യവുമില്ലാതെ കോഴിക്കോടന്‍ റോഡുകള്‍ ) സകലതും തകർത്തെറിഞ്ഞും തീകൊളുത്തിയും നടന്നു നീങ്ങുന്ന കാഴ്ച കോഴിക്കോടന്‍ ജനതയിലുണ്ടാക്കിയ അരക്ഷിതത്വത്തിനു ഉത്തരവാദി ജില്ലാ പൊലീസ് മേധാവിയല്ലേ? കച്ചവടക്കാർ ധീരമായി കടകൾ തുറന്ന വലിയങ്ങാടിയിൽ നിയോഗിച്ചത് രണ്ടേ രണ്ടു പൊലീസുകാരെയാണെന്ന് ഉമേഷ് പറയുന്നു.