അഗ്രഗാമി, മുമ്പേ നടന്നവൻ, സൈമൺ ബ്രിട്ടോ. പ്രത്യയശാസ്ത്രങ്ങൾ പ്രസംഗിക്കാൻ മാത്രമുള്ളതല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ജീവിതപ്പോരാളി. അവസാനനാളുവരെയും ഓരോ മലയാളിയെയും പ്രചോദിപ്പിച്ച മഹാമേരുവായിരുന്നു ബ്രിട്ടോ. ഇച്ഛാശക്തിയും പോരാട്ടവീര്യവും എന്നും ബ്രിട്ടോയിലെ കനലിനെ ആളിക്കത്തിച്ചിട്ടേയുള്ളൂ. വീൽചെയറിലേക്ക് ജീവിതം ചുരുങ്ങുമെന്ന് മറ്റുള്ളവർ കരുതിയപ്പോൾ അതേ വീൽചെയറിനെയും കൊണ്ട് ലോകം മുഴുവൻ പറക്കാനായിരുന്നു ബ്രിട്ടോ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഭാരതപര്യടനം ആ മനക്കരുത്തിന് ചേരുന്ന ആഘോഷവുമായിരുന്നു. ഇന്ത്യയെ അറിഞ്ഞ്, മനുഷ്യജീവിതങ്ങളെ വിസ്മയത്തോടെയും കൗതുകത്തോടെയും തെല്ലൊരു വേദനയോടെയും കണ്ടു നിന്ന് ബ്രിട്ടോ ആ യാത്രയെ ഹൃദയത്തോടാണ് ചേർത്തത്. പ്രതിസന്ധികൾ ജീവിതത്തിൽ പലപ്പോഴും കടന്നുവന്നിട്ടും മരണചിന്ത ഒരിക്കലും പ്രിയസഖാവിനെ അലട്ടിയിരുന്നില്ല. ഏതു നിമിഷവും സ്വീകരിക്കാൻ മനസ് സന്നദ്ധമായിരുന്നതു പോലെയായിരുന്നു സഖാവിന്റെ വാക്കുകൾ. ''ആരാണ് ആദ്യം മരിക്കുന്നതെന്ന് സീന ചോദിക്കുമായിരുന്നു. സീനയ്ക്കായിരുന്നു ആദ്യം മരിക്കണമെന്ന ആഗ്രഹവും. അപ്പോൾ ഞാൻ പറഞ്ഞത് ഇതാണ്, മരണത്തെക്കുറിച്ച് എന്തിനാണ് ഇപ്പോഴേ ചിന്തിക്കുന്നത്. അത് വരുമ്പോൾ വരട്ടെ. ആര് എപ്പോൾ മരിക്കുമെന്ന് പറയാൻ പറ്റില്ലല്ലോ." ഒരിക്കൽ ബ്രിട്ടോ പറഞ്ഞത് കാലങ്ങൾക്കിപ്പുറം നൂറുശതമാനം ശരിയായി. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് തന്നെ ബ്രിട്ടോയെ തേടി മരണമെത്തി.
ജീവിതം അപ്രതീക്ഷിതമായി ചക്രക്കസേരയിലേക്ക് മാറിയപ്പോഴും അതിനെ ഓർത്ത് വിഷമിക്കാനോ ആരെയും പഴിക്കാനോ ബ്രിട്ടോ തയ്യാറായില്ല. തോൽപ്പിക്കാൻ വന്ന വിധിയോടും ആക്രമിച്ചവരോടും നെഞ്ചു വിരിച്ച് നിന്ന് പുഞ്ചിരിക്കാൻ അദ്ദേഹം ശ്രമിച്ചു. പല അഭിമുഖങ്ങളിലും അത് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ''എനിക്കൊരിക്കലും ഇതൊരു നഷ്ടമായി തോന്നിയിട്ടില്ല. സമൂഹത്തിനാണ് നഷ്ടം. ത്യാഗമായിട്ടും കാണുന്നില്ല. എന്റെ ജീവിതം ഇതാണ്. എവിടെ പോയാലും എന്നെ സ്നേഹിക്കുന്ന ജനങ്ങളുണ്ട്. കുത്തിയവരോട് ഇപ്പോഴും എനിക്ക് വിരോധമില്ല. അതിനെ ഉൾക്കൊണ്ടു കഴിഞ്ഞു. തെറ്റു പറ്റിയെന്ന് തോന്നിയിട്ടില്ല. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്, സാമൂഹികമായ ശരിയാണ്. ഇതുവരെയും എന്നെയത് വേദനിപ്പിച്ചിട്ടില്ല." ഇങ്ങനെ പറയാൻ സൈമൺ ബ്രിട്ടോയ്ക്കല്ലാതെ മറ്റാർക്കാണ് കഴിയുന്നത്. ഇത്ര മനോഹരമായി ജീവിതത്തെ നോക്കി പുഞ്ചിരിക്കാനും അദ്ദേഹത്തിനല്ലാതെ ആർക്ക് കഴിയും. തളരാത്ത മനസായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ജീവിതം മുന്നോട്ടു കൊണ്ടു പോയതും മനസിന്റെ ശക്തി കൊണ്ടു തന്നെയായിരുന്നു. പിന്നീട് കണ്ടത് മുഴുവൻ പ്രതിരോധത്തിലാക്കിയ ജീവിതത്തോട് സമരസപ്പെടാനുള്ള ശ്രമങ്ങളായിരുന്നു. ശരീരത്തിന് നഷ്ടമായ ആരോഗ്യം പക്ഷേ ബ്രിട്ടോയുടെ മനസിൽ ഇരട്ടിയായി പ്രതിഫലിക്കുകയായിരുന്നു. ജീവിതം തന്നെ ഒരു സാമൂഹിക പ്രതിരോധമാക്കി തീർക്കുകയായിരുന്നു ബ്രിട്ടോ. പുസ്തകങ്ങളിലൂടെ വളരുന്ന തലമുറയുണ്ടാകണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. ശരിയായ ഇടതുസഹയാത്രികനായി പോരാടി. എതിർക്കേണ്ടവയെ എതിർക്കുക തന്നെ ചെയ്തു. പക്ഷേ, എപ്പോഴും അദ്ദേഹം സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. മനുഷ്യരെ മനുഷ്യനായി കാണണമെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരുന്നു, മറ്റു വേർതിരിവുകളൊക്കെ തൂത്തെറിയണം. മനുഷ്യനായി ചിന്തിക്കാത്തിടത്തോളം കാലം പൊതുസമൂഹത്തിന് ഉയർച്ചയില്ലെന്ന് അടിയുറച്ച് വിശ്വസിച്ചു. പലവുരു അത് തുറന്നുപറയുകയും ചെയ്തു.
കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സൈമൺ ബ്രിട്ടോ. 1983 ഒക്ടോബർ 14നാണ് ബ്രിട്ടോ കലാലയ രാഷ്ട്രീയ പകയിൽ ചിറകറ്റു വീണത്. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കിൽ സമരസൂര്യന്റെ അരയ്ക്കുതാഴെ നിശ്ചലമായി. ഇരുണ്ട സൂര്യോദയങ്ങൾ മാത്രം കണ്ട് നാലു ചുമരുകൾക്കിടയിൽ പത്തുവർഷം. ആ ഇരുട്ടിൽ സ്വയം പാകപ്പെടുത്തിയ ജീവിതസമരം. ആ ഏകാന്തവാസത്തിനിടെ ബ്രിട്ടോ എഴുത്തുകാരനായി. മൂന്നു നോവലുകളെഴുതി. 'അഗ്രഗാമി", 'മഹാരൗദ്രം", 'നകുലിന്റെ നോട്ടു പുസ്തകം". ശരീരം പാതി തളർത്തിയെങ്കിലും ജീവവായു പോലെ രാഷ്ട്രീയം അപ്പോഴും കൂടെ കൊണ്ടു നടന്നു, സമൂഹത്തിലെ ഓരോ മാറ്റങ്ങളും വിലയിരുത്തി.
മൂന്നുവർഷം മുമ്പ് നാലര മാസക്കാലം രാജ്യത്തിന്റെ ഹൃദയവീഥികളിലൂടെ ബ്രിട്ടോ ഒരു യാത്ര നടത്തി. 138 ദിവസംകൊണ്ട് 18 സംസ്ഥാനങ്ങളിലൂടെയുള്ള ഒരു സ്വപ്നസഞ്ചാരം. രക്തസാക്ഷി കുടീരങ്ങളിൽ, തൊഴിലാളികൾക്കിടയിൽ, വിവിധ മനുഷ്യർക്കിടയിലൂടെ ഉത്സാഹത്തോടെ യാത്ര ചെയ്തു. വഴിയോരങ്ങളിൽ കിടന്നുറങ്ങി. രാവെന്നോ പകലെന്നോ ഭേദമില്ലാത്ത സഞ്ചാരം. തെരുവുകളിലും മരച്ചുവടുകളിലും ചുടുക്കാട്ടിലും കിടന്നുറങ്ങി. അനേകായിരം കിലോമീറ്റർ നീണ്ട സഞ്ചാരം. ബ്രിട്ടോയ്ക്ക് ആ യാത്ര നൽകിയത് പുത്തനൊരുണർവായിരുന്നു. അദ്ദേഹത്തിന്റെ ഈ യാത്രാനുഭവങ്ങൾ പകർത്തിയെഴുതാൻ വന്ന അഭിമന്യു പാതിവഴിയിൽ യാത്രയായത് ബ്രിട്ടോയെ വല്ലാതെ തളർത്തി. അവസാന ചുംബനം അവന്റെ കൈകളിൽ പകർന്നത് ബ്രിട്ടോയായിരുന്നു. അച്ഛനായും ഗുരുതുല്യനായും സഹയാത്രികനായും ബ്രിട്ടോ അവനു ചുറ്റുമുണ്ടായിരുന്നു അവസാന നാളുകളിൽ. ആ വേദന കെട്ടടങ്ങും മുമ്പേ പുസ്തകമെന്ന മോഹം ബാക്കി വച്ച് ബ്രിട്ടോയും മടങ്ങി.
ഭാരതപര്യടനത്തിനിടയിലായിരുന്നു അച്ഛൻ നിക്കോളാസ് റോഡിഗ്രസിന്റെ മരണവാർത്തയെത്തിയത്. അപ്പോൾ ബ്രിട്ടോയും സംഘവും കൊൽക്കത്തയിലെ 24 പർഗാനയിലായിരുന്നു. തുടർച്ചയായി രണ്ടു ദിവസം പെയ്ത മഴയും തണുപ്പും ആരോഗ്യം തളർത്തിയിരുന്നു. രണ്ട് ദിവസം പുറത്തിറങ്ങാനായില്ല. അപ്പോഴായിരുന്നു ഭാര്യ സീന വിളിക്കുന്നത്. കൊച്ചി വടുതലയിലെ വീട്ടിൽ നിന്നും പുറപ്പെട്ടിട്ട് അന്നേക്ക് 95 ദിവസം പിന്നിട്ടിരുന്നു.
അച്ഛനെ ജീവൻ തുടിക്കുന്ന ശരീരത്തോടെ കണ്ടാണ് യാത്രക്കിറങ്ങിയത്. മരവിച്ച ശരീരം കാണാൻ വയ്യാത്തതിനാൽ മടക്കയാത്ര വേണ്ടെന്നു വച്ചു. ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ മടങ്ങരുതെന്നായിരുന്നു ബ്രിട്ടോയെ അച്ഛൻ പഠിപ്പിച്ചത്. കുത്തേറ്റ് വീണ് തളർന്നു കിടന്നപ്പോഴും അച്ഛനായിരുന്നു ഊർജ്ജം. യാത്രക്കാരന് ബന്ധങ്ങളില്ല. കെട്ടുപാടുകൾ മുറിച്ചിട്ടാലേ ദൂരം താണ്ടാനാവൂ. ആ ബോധത്തിൽ നിന്നുകൊണ്ട് അച്ഛന് മനസ് കൊണ്ട് പ്രണാമമർപ്പിച്ച് ഒഡീഷയിലേക്ക് യാത്ര തുടർന്നതും വികാരവായ്പോടെയായിരുന്നു ബ്രിട്ടോ പിന്നീട് പങ്കുവച്ചത്. ഭാരതപര്യടനം ഒരു പുസ്തകമാക്കാനുള്ള ആഗ്രഹം അവശേഷിപ്പിച്ചാണ് അദ്ദേഹം ഇപ്പോൾ യാത്ര പറഞ്ഞത്.
ഒാർമ്മകളിലെ ആ കറുത്തദിനം
സഖാവ് സൈമൺ ബ്രിട്ടോ...
കേരളത്തിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം കടന്നുവന്ന അജയ്യ പാതകളിലെ ഒരിക്കലും ഉണങ്ങാത്ത ഒരു തുള്ളി രക്തം.!!!!!
മങ്ങാത്ത ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു പോക്ക്.
1983 ഒക്ടോബർ 14…
അന്ന് എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ യോഗം ചേർന്നു കൊണ്ടിരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി സ.സി.പി.ജോൺ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. യോഗം നടക്കുന്നിതിനിടയിൽ പാലക്കാട് കോളേജ് റോഡിലുള്ള പഴയ കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിലേക്ക് (ഓട് മേഞ്ഞ പഴയ കെട്ടിടം) എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നും തുടരെ ഫോൺ വന്നിരുന്നു. ഓഫിസ് സെക്രട്ടറി കണിശ്ശക്കാരനായ സ.രാമേട്ടൻ ആയിരുന്നു. യോഗത്തിനിടയിൽ ആരെയും വിളിക്കില്ല. (അന്ന് മൊബൈൽ ഫോൺ കണ്ടു പിടിച്ചിട്ടില്ലല്ലോ) അവസാനം സാക്ഷാൽ സ.എ.പി.വർക്കി തന്നെ നേരിട്ട് വിളിച്ചു, സ.ജോണിന് ഫോൺ കൊടുക്കാൻ പറഞ്ഞു. അപ്പോൾ സ.ജോൺ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഞാൻ ജോണിന് വേണ്ടി ഫോൺ കയ്യിലെടുത്തു. അപ്പുറത്തു നിന്നും സ.എ.പിയുടെ കർശന ശബ്ദം...എന്താ ജോണേ ഫോണിൽ വരാൻ ഇത്ര താമസം ? സ.ബ്രിട്ടോക്കു കുത്തേറ്റു ..കുറച്ചു ഗൗരവമാണ്...ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണെന്ന് തോന്നുന്നു) ഉടൻ വരണം.. എന്റെ ശബ്ദം നിലച്ച പോലെയായി. അന്ന് ഞങ്ങൾ രണ്ടു പേരും ജില്ലാ സെക്രട്ടറിമാരാണ്. ബ്രിട്ടോ എറണാകുളം; ഞാൻ പാലക്കാട്. യോഗത്തിൽ സംസാരിച്ചുകൊണ്ടിരുന്ന സ.ജോണിനോട് നന്നായി പരിഭ്രമിച്ചുകൊണ്ടു തന്നെ കാര്യം പറഞ്ഞു. യോഗം അപ്പോൾ തന്നെ നിർത്തി വച്ച് ഉടനെ ഞങ്ങൾ ഒരുമിച്ച് എറണാകുളത്തേക്ക് പുറപ്പെട്ടു.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്ര പരിചരണ കേന്ദ്രത്തിലായിരുന്നു, സ. സൈമൺ ബ്രിട്ടോ……….
അതീവ നിർണായക നിമിഷങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു, ബ്രിട്ടോയുടെ ആരോഗ്യ സ്ഥിതി.
കേരളത്തിലെ കലാലയങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ടുകൊണ്ടിരുന്ന കെ.എസ്.യു, എസ്.എഫ്.ഐ മുന്നേറ്റത്തെ തടയാൻ മാരകായുധങ്ങളെയും, വാടക കൊലയാളികളെയും ആശ്രയിക്കാൻ തുടങ്ങിയിരുന്നു. അതിന് അന്നത്തെ കരുണാകര ഭരണം തണൽ നൽകി സംരക്ഷിക്കുകയായിരുന്നു. കാമ്പസുകൾ എസ്.എഫ്.ഐ നേതാക്കളുടെ ചോര വീണ് കുതിർന്നു...
അന്ന് കാമ്പസുകൾ ഒന്നാകെ അലറി വിളിച്ച മുദ്രാവാക്യമായിരുന്നു,,,
'കാലം സാക്ഷി ചരിത്രം സാക്ഷി
രണഭൂമികളിലെ രക്തം സാക്ഷി
രക്ത സാക്ഷി കുടീരം സാക്ഷി
ഇല്ലാ….. ഇല്ലാ പുറകോട്ടില്ല
ചോരച്ചാലുകൾ നീന്തിക്കയറി
ഓരോ ചുവടും പൊരുതി പൊരുതി
മുന്നോട്ടിനിയും മുന്നോട്ട്….
ബലികുടീര വാതിൽ തുറന്നു
രക്തസാക്ഷി വിളിക്കുന്നു
ആ വിളികേൾക്കാൻ സമര മുഖങ്ങൾ
രക്തം കൊണ്ട് ചുവപ്പിക്കാൻ
സഖാക്കളെ നാം മുന്നോട്ട്"....
ദിവസങ്ങൾക്ക് ശേഷം ആ മുദ്രാവാക്യം വിളി കേട്ടിട്ടെന്ന പോലെ സ.ബ്രിട്ടോ കണ്ണു തുറന്നു....
പക്ഷേ കെ.എസ്.യു കാപാലികരുടെ കൊലക്കത്തി നട്ടെല്ലും തകർത്ത്, സുഷുമ്നാകാണ്ഡത്തെയും മുറിച്ചെറിഞ്ഞതിനാൽ സഖാവ്.ബ്രിട്ടോയുടെ ശരീരം അരക്കു താഴേക്കു തളർന്നു പോയിരുന്നു..
അരയ്ക്കു താഴേക്കു തളർന്ന ശരീരവും അരയ്ക്കു മുകളിൽ കത്തിച്ചു വച്ച തീപ്പന്തവുമായി സ.ബ്രിട്ടോ ജ്വലിച്ചു നിന്നു. ലോകത്ത് ലഭ്യമായ എല്ലാ ചികിത്സകളും പരീക്ഷിച്ചെങ്കിലും തളർന്ന ശരീരത്തെ ശരിപ്പെടുത്താനായില്ല.
എന്നാൽ എപ്പോഴും ഒരു തീ ജ്വാലയായി സ.ബ്രിട്ടോ സഞ്ചരിച്ചുകൊണ്ടേയിരുന്നു...ഇന്ത്യയിലാകെ!!!!
ഇന്ന് ആ ജ്വാല അണഞ്ഞു എന്ന് കേൾക്കുമ്പോൾ കാലങ്ങളെല്ലാം വീണ്ടും മുന്നിലേക്ക് ഓടിയെത്തുന്നു...വീണ്ടും പഴയ എസ്.എഫ്.ഐ തീപ്പൊരികളാകാൻ കൊതിക്കുന്നു.
സ. ബ്രിട്ടോ ഞങ്ങളിൽ നിന്നും ചിതറി തെറിച്ച ഒരു തുള്ളി രക്തം..
ഒരിക്കലും വറ്റാത്ത രക്തം..
സ.സീനയോടും കുഞ്ഞിനോടും എന്തു പറയാൻ...?
പഴയ സഹപ്രവർത്തകന് രക്തത്തിൽ തൊട്ട അന്ത്യാഭിവാദ്യം..
രക്താഭിവാദ്യം..സഖാവേ..
(മുൻ എം.പി. എൻ. എൻ. കൃഷ്ണദാസിന്റെ ഫേസ് ബുക്ക് കുറിപ്പ്)