ധ്യാനത്തിൽ നിന്നുണർന്ന ശ്രീനാരായണ ഗുരുവിനോട് അടുത്തുനിന്ന ശിഷ്യൻ ഉണർത്തിച്ചു. ''ആശാൻ വന്നിരുന്നു. ഏറെനേരം കാത്തുനിന്നു. ബോട്ടിന്റെ സമയമായതുകൊണ്ട് പോയി എന്നുപറയാൻ പറഞ്ഞു""
വിദൂരതയിലേക്ക് നോക്കിയ ഗുരു ഒരുനിമിഷം ആത്മഗതമെന്നോണം പറഞ്ഞു, 'അപ്പോ, കുമാരു പോയി ഇല്ലേ?"
അതൊരു യോഗിയുടെ വാക്കുകളായിരുന്നു. ഗുരുവിനോട് യാത്ര പറയാനായിരുന്നു കുമാരനാശാൻ ഗുരുവിന്റെ അടുത്തേക്ക് വന്നത്. ഗുരു ധ്യാനത്തിലായിരുന്നതുകൊണ്ട് കുറേനേരം കാത്തുനിന്നിട്ട് അവിടെയുണ്ടായിരുന്ന ഒരു ശിഷ്യന്റെ അടുക്കൽ പറഞ്ഞിട്ട് പോയി.
ആശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലുവയിലെ ഒാട്ടുകമ്പനിയുടെ ഡയറക്ടർ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാനായിരുന്നു ആ യാത്ര. നേരെ കൊല്ലത്ത് ബോട്ട് ജെട്ടിയിലെത്തി. കൊല്ലത്തുനിന്നും ആലപ്പുഴയ്ക്കുള്ള റെഡിമീർ എന്ന ബോട്ടിലായിരുന്നു യാത്ര. റെഡീമിർ എന്നാൽ രക്ഷകൻ എന്നർത്ഥം.
ഇരുനിലകളുള്ള മെച്ചപ്പെട്ട സൗകര്യമുണ്ടായിരുന്ന ബോട്ടായിരുന്നു അത്. വൈകിയായിരുന്നു ബോട്ട് പുറപ്പെട്ടത്. നല്ല തിരക്കായിരുന്നു. മുറജപം കഴിഞ്ഞ് വരുന്നവരായിരുന്നു ഏറെയും. പലരും ആശാന്റെ അടുത്തെത്തി. പരിചയപ്പെട്ടു ആശാന്റെ കവിതകളെ ആരാധിക്കുന്നവരായിരുന്നു അവർ. ആശാൻ കവിത ചൊല്ലണമെന്ന് അവർ ആവശ്യപ്പെട്ടു.
തന്റെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന നോട്ടുബുക്കെടുത്തു. പേജുകൾ മറിച്ചു. അവർ ആവശ്യപ്പെട്ട കവിതകൾ ഇൗണത്തിൽ ചൊല്ലി. ആശാന് ഇഷ്ടപ്പെട്ട വരികൾ ഏതെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു
കരുതുവഹിത ചെയ്യ വയ്യ, ചെയ്യാൻ
വരുതി ലഭിച്ചതിൻ നിന്നിതാ വിചാരം
പരമഹിത മറിഞ്ഞുകൂട, യായൂ
സ്ഥിരതയുമി, ല്ലതിനിന്ദ്യമീ നരത്വം!
ലീലയിലെ വരികളായിരുന്നു ആശാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. അന്ന് 1924 ജനുവരി 16-ാം തീയതിയായിരുന്നു.
സമയം രാത്രി ഒരുമണി. യാത്രാക്ഷീണത്താൽ എല്ലാവരും ഉറങ്ങി. ആശാൻ പ്രത്യേകം റിസർവ് ചെയ്തിരുന്ന കാബിനിൽ കയറി ഉറങ്ങാൻ കിടന്നു. വേലിയേറ്റ സമയമായിരുന്നു ബോട്ട് പല്ലന തോടിന്റെ വളവിലെത്തി. നന്നേ വീതി കുറഞ്ഞ ഭാഗം. കാര്യമായ ആഴവുമില്ലാത്തിടം.
ഒരു നിമിഷം. ബോട്ട് ഒന്നുലഞ്ഞു. യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്നു. ബോട്ട് ചാലിൽ നിന്നും മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറി. എല്ലാവരും ഞെട്ടിയുണർന്നു. പിന്നെ കൂട്ട നിലവിളിയായിരുന്നു.ബോട്ട് വെള്ളത്തിലേക്ക് മറിഞ്ഞു.
ദുരവസ്ഥയിൽ ആശാൻ എഴുതിയ വരികൾ അറംപറ്റിയ പോലെ.
'അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത താഴുന്നു കഷ്ടം!
പിന്തുണയും പിടിയും കാണാതുൾ ഭയം
ചിന്തി, ദുസ്സ്വപ്നത്തിലെന്നപോലെ,
പൊന്താനുഴറുന്നു, കാൽ നിൽക്കുന്നില്ലെന്റെ
ചിന്തേ, ചിറകുകൾ നൽകണേ നീ!"
രണ്ടു ദിവസം കഴിഞ്ഞാണ് ആശാന്റെ ജഡം കണ്ടുകിട്ടിയത്. നെറ്റിക്ക് ചതവിന്റെ പാടുണ്ടായിരുന്നു. അങ്ങ് ദൂരെമാറി തോടിനോടുചേർന്ന കൈതക്കാട്ടിൽ കുടുങ്ങി ജഡം പൊങ്ങിക്കിടന്നു. ആശാന്റെ മൃതശരീരം പല്ലനയിൽ പുത്തൻകരിയിൽ കുടുംബത്തിന്റെ സ്ഥലത്ത് സംസ്കരിച്ചു. ആശാനെ അടക്കിയ സ്ഥലവും ഇതിനോടുചേർന്ന സ്ഥലവും ആശാന്റെ ഭാര്യ ഭാനുമതി അമ്മ വിലയ്ക്കുവാങ്ങി. ഇൗ സ്ഥലം ഇന്ന് കുമാരകോടി എന്ന പേരിലറിയപ്പെടുന്നു. ഇപ്പോഴവിടെ ആശാൻ സ്മാരകവും ആശാൻ സ്മാരക അപ്പർ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു.
ആശാൻ മരിക്കുമ്പോൾ ഭാര്യ ഭാനുമതിയമ്മയ്ക്ക് 23 വയസ്. മൂത്ത കുട്ടിക്ക് അഞ്ചുവയസ്. ഇളയ കുട്ടിക്ക് മൂന്നു വയസ്.
വെറും ആറുവർഷം മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതം. ആശാന്റെ ആത്മാവ് ഇപ്പോഴും പല്ലനയിൽ നിറഞ്ഞുനിൽക്കുന്നു.
ആശാന്റെ പേരിൽ ആദ്യ സ്മാരകം പണിയുന്നത് 1975 ലായിരുന്നു. അത് ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന ടി.കെ. ദിവാകരനാണ്. എട്ടു വർഷങ്ങൾക്കുമുമ്പ് ആ സ്മാരകം പൊളിച്ചു. ആശാന്റെ ഒാർമ്മയ്ക്ക് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇപ്പോൾ ഒരു മ്യൂസിയം പണിയുന്നു. ബോട്ടിന്റെ മാതൃകയാണ് ഇതിന്. വാതിലിന് പേനയുടെ നിബിന്റെ ആകൃതിയാണ്. ദൂരക്കാഴ്ചയിൽ പേനയുടെ നിബ് തന്നെ.
മ്യൂസിയത്തിന്റെ പണി നടന്നുവരികയാണ്. ഇപ്പോഴും പൂർത്തിയായിട്ടില്ല. ആശാൻ കവിതയിലെ പ്രധാന നാടകീയ മുഹൂർത്തങ്ങൾ ശില്പ രൂപത്തിൽ പ്രശസ്ത ശില്പി കിഷോർ ആവിഷ്കാരം നൽകിയിരിക്കുന്നു. നളിനി, കരുണ, ചിന്താവിഷ്ടയായ സീത, ലീല, ദുരവസ്ഥ എന്നീ കവിതകളിലെ കാവ്യഭാവങ്ങൾക്കും ശില്പാവിഷ്കാരം നൽകിയിട്ടുണ്ട്.
ചണ്ഡാല ഭിക്ഷുകിയിലെ നീച ജാതിയിൽപ്പെട്ട സ്ത്രീയോട് ദാഹജലം യാചിക്കുന്ന ബുദ്ധഭിക്ഷു ഏറെ ശ്രദ്ധേയമാണ്. വാസവദത്തയുടെ ശില്പാവിഷ്കാരത്തെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങൾ പലർക്കുമുണ്ട്. ഇവിടെ ഒരുപാർക്ക് കൂടി നിർമ്മിച്ചുകൊണ്ടിരിക്കുന്നു. പുതിയ സ്മാരകത്തിന്റെ പണി സാംസ്കാരിക വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സർക്കാർ വകുപ്പിന്റെ അലംഭാവവും അലസതയും ഇതിലും കാണാവുന്നതാണ്.
ആശാൻ കവിതകൾ വായിച്ചും ആശാനെ മനസിൽ ആരാധിച്ചും നൂറുകണക്കിന് ആളുകൾ ദിവസവും ഇവിടെ സന്ദർശകരായി എത്തുന്നു.
'മാറ്റുവിൻ ചട്ടങ്ങളെ
അല്ലെങ്കിൽ സ്വയം മാറ്റു
മതുകളീ നിങ്ങളെത്താൻ"
എന്ന് ഗർജ്ജിച്ച കവിയുടെ സ്മാരകത്തിനുപോലും സർക്കാരിന്റെ കെടുകാര്യസ്ഥത വന്നതിൽ പൊതുസമൂഹത്തിന് ഏറെ ദുഃഖമുണ്ട്. ലോകം മുഴുവനും നെഞ്ചേറ്റി നടക്കുന്ന മഹാകവിയുടെ സ്മാരകത്തോടുള്ള അധികാരികളുടെ അലംഭാവം ഒരിക്കലും പൊറുക്കാവുന്നതല്ല.
(ലേഖകന്റെ ഫോൺ: 9447864858)