പക്ഷി നിരീക്ഷണത്തിനായി ഒരുദിവസം രാവിലെ കാമറയുമായി നടക്കുമ്പോൾ കാടിനരുകിൽ അവിടെയും ഇവിടെയുമൊക്കെ ചെറിയ അനക്കം കേട്ടു. കുരങ്ങൻമാരുടെ ഒരു സംഘം അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. ചിലതു മരത്തിലേക്കും ചിലത് റോഡരുകിലെ സൈഡുവാളിലുമൊക്കെ ഇരിക്കുന്നു. എല്ലാം ഒരുവിധം ദേഷ്യത്തിലാണെന്നു തോന്നി. സാധാരണ ഇവിടെയുള്ളവ നാട്ടിലൊക്കെ കാണുന്നത്ര ഉപദ്രവകാരികളല്ല. നമ്മൾ അങ്ങോട്ടു ശല്യം ചെയ്തില്ലെങ്കിൽ വയലന്റാകാറില്ല. സന്ദർശകരെന്നു തോന്നിയാൽ കൈയിൽ കടലയോ കപ്പലണ്ടിയോ എന്തെങ്കിലും ഭക്ഷണപ്പൊതിയോ ഉണ്ടോ എന്നായിരിക്കും അവയുടെ നോട്ടം. എന്നാൽ അന്ന് അവയെല്ലാം ആകെ അസ്വസ്ഥരായി കണ്ടിരുന്നു. കാര്യം എന്തെന്ന് പിടികിട്ടിയില്ല. കുറെ ദൂരെയായി ഏതോ ദീനരോദനം പോലെയോ ഞരക്കം പോലെയോ വളരെ ചെറിയ ഒരു ശബദം കേട്ടു. കുറേ അടുത്ത് ചെന്നപ്പോഴാണ് ഒരു കുട്ടിയെ കൈയിൽ എടുത്ത് വച്ചിരിക്കുന്ന അമ്മക്കുരങ്ങിന്റെ വിതുമ്പലാണ് അതെന്നു മനസിലായത് ! കാടിനോട് ചേർന്ന റോഡരികിൽ ഇരിക്കുന്ന അത് കുഞ്ഞിന്റെ മുഖത്ത് നോക്കി തേങ്ങുകയായിരുന്നു. എന്റെ ഹൃദയവും ഒരുനിമിഷം പിടഞ്ഞുപോയി. സൂക്ഷിച്ചു നോക്കുമ്പോഴാണ് അത് രക്തം പൊടിച്ച് കട്ടപിടിച്ചുണങ്ങിയ വിറങ്ങലിച്ച കുഞ്ഞിന്റെ ശവശരീരമാണെന്നു അറിഞ്ഞത്. റോഡ് മുറിച്ചു കടക്കുമ്പോഴോ മറ്റോ ഏതോ വാഹനം ഇടിച്ച് തെറിപ്പിച്ചതാകണം ആ കുട്ടിക്കുരങ്ങിനെ. അതിനെ തലോടിയും ഉമ്മവെച്ചും വിങ്ങിപ്പൊട്ടുന്ന ആ അമ്മയുടെ മാതൃ സ്നേഹം ഈ രംഗം കാണുന്ന ആരുടേയും കരളലിയിക്കുന്നതായിരുന്നു.
മാന്യതയുടെയും കപട സദാചാരത്തിന്റേയും പേരിൽ ചോരക്കുഞ്ഞിനെ വഴിയിലെറിഞ്ഞു കടന്നുകളയുന്ന അമ്മമാരും സ്വന്തം കുഞ്ഞിന് വിഷം കൊടുത്തു കൊല്ലുന്ന അമ്മമാരും പണം മോഹിച്ച് കുട്ടികളെ വിൽക്കുന്ന അമ്മമാരെയും നമ്മുടെ ഇടയിൽ കാണാറുണ്ട്. ''ഒരു ജന്തുവിനും സ്വപുത്രരിൽ പരുഷത്വം വിധി നൽകിയില്ല"" എന്ന് മഹാകവി വിളിച്ചോതുമ്പോൾ ശരിക്കും വാലില്ലാത്ത നമ്മുടെ കൂട്ടത്തിലെ ആ ഇരുകാലി മൃഗങ്ങൾ ഈ മിണ്ടാപ്രാണിയുടെ മാതൃസ്നേഹം കാണേണ്ടത് തന്നെയായിരുന്നു. മരവിച്ച മനസ്സുമായി അൽപനേരം ആ അമ്മയുടെ നൊമ്പരം നോക്കി നിന്ന ഞാൻ യാന്ത്രികമായി എപ്പോഴോ ക്ലിക്കുചെയ്തു എന്ന് മാത്രം അറിയാം. തിരികെ സ്റ്റുഡിയോയിലേയ്ക്കുപോരുന്നു. അപ്പോഴും ഇമവെട്ടാതെ കണ്ടുനിന്ന മാതൃ വാത്സല്യത്തിന്റെ ചിത്രങ്ങളായിരുന്നു എന്റെ ചിന്ത മുഴുവൻ.
കാമറയിൽ നിന്നും ഡൗൺലോഡ് ചെയ്തു സ്ക്രീനിൽ പലരേയും അത് വിളിച്ച് കാണിച്ചു. ആർക്കും വിശ്വാസം വന്നില്ല. അടുത്ത ദിവസം അത് ഞാൻ നാഷണൽ ജ്യോഗ്രഫിക്കു അയച്ചുകൊടുത്തു. ശ്വാസമടക്കിപ്പിടിച്ചു കാണേണ്ട ചിത്രം എന്ന വിശേഷണം കൊടുത്ത് വലിയ പ്രാധാന്യത്തോടെ അവർ അത് പ്രസിദ്ധീകരിച്ചു. ഇന്നും നെറ്റിൽ പല ഭാഷകളുടെയും സൈറ്റിൽ ഇത് കാണാനാകും. കുറെയേറെ സമ്മാനങ്ങളും അംഗീകാരങ്ങളും ഇതിനു കിട്ടി.