ഓരോ തുണിക്കടയിലും അനേകായിരം വർണങ്ങൾക്കിടയിൽ നമ്മളെ ഓരോരുത്തരേയും നിറചിരിയോടെ സ്വാഗതം ചെയ്യുന്ന പെൺകുട്ടികളുണ്ട്. രാവിലെ പത്തു മണിയായാലും വൈകിട്ട് അഞ്ചു മണിയായാലും ആ ചിരി മങ്ങരുത്. ഉള്ളെരിയിക്കുന്ന ആ ചിരിക്ക് പിന്നിലുള്ള നൊമ്പരങ്ങൾ ആരറിഞ്ഞു ഇതുവരെ!. ഒരു പക്ഷേ രാവിലെ ജോലിക്ക് കയറിയ സമയം മുതൽ അവർ നിൽക്കുകയാവാം. ടോയ്ലറ്റിൽ പോകേണ്ടി വരുമെന്ന് ഭയന്ന് തൊണ്ട പൊട്ടുമ്പോഴും വെള്ളം കുടിക്കാതിരിക്കയുമാവാം. ഇത്തരത്തിൽ കേരളത്തിലെ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് ഒരുപാട് അവകാശലംഘനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഈ കാഴ്ചകൾ മനസിലെവിടെയും വന്നുതട്ടിയിട്ടില്ലാത്ത ആയിരങ്ങളെ പോലെയായിരുന്നില്ല വിജി പെൺകൂട്ട്. മിഠായിത്തെരുവിൽ മുളച്ച് ലോകം മുഴുവൻ എത്തിനിൽക്കുന്ന ഒരു തണൽമരമാണിപ്പോൾ വിജി അഥവാ 'കോയിക്കോടിന്റെ വിജിയേച്ചി". വിജിയേച്ചിയുടെ ചിരിക്ക് പിന്നിൽ തോറ്റുപിന്മാറാൻ തയ്യാറാവാത്ത അതിശക്തയായ, നിശ്ചയദാർഢ്യമുള്ള ഒരു വനിത ഒളിഞ്ഞിരിപ്പുണ്ട്. വിജിയുടെ പ്രവർത്തനങ്ങൾക്ക് ലോകം നൽകിയ അംഗീകാരമാണ് ബി.ബി.സി തയ്യാറാക്കിയ ലോകത്തിലെ നൂറ് ശക്തരായ വനിതകളുടെ പട്ടികയിലെ സ്ഥാനം.
വിജിയുടെ കാഴ്ചപ്പാടിൽ എവിടെയൊക്കെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടോ അവിടെയൊക്കെ ഇത്തരം പ്രശ്നങ്ങളുമുണ്ട്. മിഠായിത്തെരുവോ ,കോഴിക്കോടോ, കേരളമോ, ഇന്ത്യയോ മാത്രമല്ല സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് വേദിയാകുന്നത്. മറിച്ച് ലോകത്ത് എല്ലായിടത്തും സ്ത്രീ തൊഴിലാളികൾ പ്രശ്നം നേരിടുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള പ്രശ്നങ്ങൾ ഒരുപോലെ തന്നെയാണ്.
ഏറ്റവും കൂടുതൽ സംഘടനകളുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. ആവശ്യത്തിനും അനാവശ്യത്തിനും ഇവിടെ സംഘടനകൾ രൂപീകരിക്കപ്പെടുന്നുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ പെൺകൂട്ടിനെ വേറിട്ട് നിർത്തുന്നത് അത് രൂപീകരിക്കാനുണ്ടായ സാഹചര്യമാണ്. മിഠായിത്തെരുവിലെ കടകളിൽ പുരുഷൻമാർക്ക് പകരം സ്ത്രീ തൊഴിലാളികൾ എത്തിയപ്പോൾ അവിടെ ടോയ്ലറ്റുകൾ ഒരു അത്യാവശ്യഘടകമായി മാറി. പുരുഷൻമാരെ സംബന്ധിച്ച് അതൊരു വിഷയമായിരുന്നില്ല. അവർക്ക് ഒരു മതിലായാലും മതിയല്ലോ. അവരൊക്കെ കുറച്ചുകൂടി മികച്ച ശമ്പളം കിട്ടുന്നിടത്തേക്ക് പോയപ്പോൾ പകരമെത്തിയവരാണ് സ്ത്രീ തൊഴിലാളികൾ. പുരുഷൻമാർക്ക് കൊടുക്കുന്ന കൂലി പോലും സ്ത്രീകൾക്ക് കൊടുക്കുന്നില്ല. അവരുടെ കൂലിയെപ്പറ്റി ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം 'പെർഫോമൻസ് നോക്കട്ടെ" എന്നാണ്. ജോലിക്കെത്തുന്ന സ്ത്രീകളിൽ പലരും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പിന്നെ മൂത്രമൊഴിക്കുന്നത് തിരികെ വീട്ടിലെത്തിയ ശേഷം മാത്രം. ഈ കാരണത്താൽ ജോലിക്കിടയിൽ അല്പം വെള്ളം കുടിക്കാൻ പോലും അവരൊക്കെ മടിക്കും. ആർത്തവദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അടുത്തുള്ള ഹോട്ടലിൽ കയറി ചായ കുടിച്ചിട്ടാണ് പ്രശ്നം പരിഹരിക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെയും മൂത്രമൊഴിക്കാതെയും തൊഴിലാളികളിൽ പലരും രോഗികളായി. ഇങ്ങനെ പല ഭാഗത്തുനിന്നുമുള്ള സമ്മർദ്ദത്തിന്റെ ഫലമായി രൂപീകരിക്കേണ്ടി വന്ന സംഘടനയാണ് പെൺകൂട്ട്. വിജി വന്ന വഴികൾ ഓർത്തെടുത്തു.
ഒരു തയ്യൽ തൊഴിലാളിയായാണ് വിജി മിഠായിത്തെരുവിലെത്തുന്നത്.സ്വന്തം നാട് തൊണ്ടയാടാണ്. അവിടത്തെ സ്ത്രീകളും പുരുഷൻമാരും എല്ലാവരും തൊഴിലാളികളായിരുന്നു. എല്ലാവരും രാവിലെ പണിക്ക് പോകും. പണി കഴിഞ്ഞ് സ്ത്രീകൾ വീട്ടിലെത്തി മക്കളുടെ കാര്യവും വീട്ടുകാര്യവുമൊക്കെ നോക്കും. പുരുഷൻമാരാകട്ടെ എവിടെയെങ്കിലും പോയി കുടിച്ചിട്ട് വന്ന് വീട്ടിലുള്ള സ്ത്രീകളെ തല്ലും. എന്റെ അമ്മ ഉൾപ്പെടെയുള്ള എല്ലാ സ്ത്രീകളുടേയും അവസ്ഥ ഇതുതന്നെയായിരുന്നു. ഇതൊന്നും ശരിയല്ല എന്ന് അന്നേ തോന്നുമായിരുന്നു. പക്ഷേ അതിനെ മറ്റാരും ചോദ്യം ചെയ്യില്ലായിരുന്നു. കാരണം അവരുടെയൊക്കെ കണ്ണിൽ അത് ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ്. പക്ഷേ ഇതൊന്നും ആരും ചോദ്യം ചെയ്തിരുന്നില്ല. ആ സമയത്താണ് അജിതേച്ചി ഞങ്ങളുടെ നാട്ടിലെത്തുന്നത്. അന്ന് ബോധന എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്കിടയിലേക്ക് അജിതേച്ചി എത്തുന്നത്. അങ്ങനെയാണ് അനീതികളെ ചോദ്യം ചെയ്യണം എന്നൊരു തോന്നലുണ്ടാവുന്നത്.
മൂത്രപ്പുര പെണ്ണുങ്ങളുടെ മാത്രം ആവശ്യമായി കാണാനായിരുന്നു പലർക്കും താത്പര്യം. പെണ്ണുങ്ങളല്ലേ അവരുടെ ആവശ്യങ്ങൾക്ക് അത്രയ്ക്ക് പ്രാധാന്യം കൊടുക്കണ്ട എന്നതായിരുന്നു നിലപാട്. പല യൂണിയനുകളിലും സംഘടനകളിലും പരാതി പറഞ്ഞു നോക്കി. അവയ്ക്കൊക്കെ പരിഹാരമല്ലായിരുന്നു മറിച്ച് പരിഹാസമായിരുന്നു മറുപടി. 'അവർ ഹോസിടട്ടെ" , ' ഉച്ചയ്ക്ക് ഊണിനോപ്പം കുടിക്കുന്ന വെള്ളം വീട്ടിൽ പോയി കളഞ്ഞാൽ മതി", ' പെണ്ണുങ്ങൾ കടയിൽ വരുന്നത് മൂത്രമൊഴിക്കാനാണോ, ജോലിക്കാണോ"ഇങ്ങനെ പോകുന്ന മറുപടികളാണ് പലയിടത്തു നിന്നും ലഭിച്ചത്. ഇതിനൊക്കെ എതിരേ പ്രതിഷേധിക്കാൻ തീരുമാനിച്ചു. ഒടുവിൽ കോർപ്പറേഷൻ രണ്ട് ഷീ ടോയ്ലറ്റുകൾ അവിടെ സ്ഥാപിച്ചു. അതാണ് ആകെയുണ്ടായ പരിഹാരം. തുടർന്ന് സ്ത്രീകൾ തന്നെ തങ്ങൾ വെള്ളം കുടിക്കും, മൂത്രമൊഴിക്കും അങ്ങനെയൊരു തീരുമാനമെടുത്തു. അതവരുടെ അവകാശമായി കാണാൻ തുടങ്ങി. അതാണ് ശരിക്കും പെൺകൂട്ടിന്റെ വിജയം.
മൂത്രപ്പുര പോലെ മറ്റൊരു അത്യാവശ്യഘടകമാണ് തൊഴിലിടങ്ങളിലെ ഇരിപ്പിടങ്ങളും. തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ ചുറ്റുപാടുകൾ ഒരുക്കുക എന്നത് തൊഴിലുടമകളുടെ കടമയാണ്. അത് തൊഴിലാളികളുടെ അവകാശമാണ്. ഇരിപ്പ് സമരത്തിലൂടെ സർക്കാർ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. നിയമമനുസരിച്ച് തൊഴിലാളികൾക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയില്ലെങ്കിൽ തൊഴിലുടമ വൻപിഴ ഒടുക്കേണ്ടി വരും. ഒരുപാട് തൊഴിലുടമകൾ ഈ മാറ്റം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. എന്നാലും അസംഘടിത മേഖലയിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളും ഞങ്ങൾക്ക് ഇരിക്കാൻ കഴിയുന്നുണ്ട് എന്ന് പറയുന്ന ഒരു ദിവസമാണ് ഇരിപ്പുസമരത്തിന്റെ പൂർണമായ വിജയം സാദ്ധ്യമാകുന്നത്.
അവകാശങ്ങളിലെ തുല്യത തുടങ്ങുന്നത് അടുക്കളയിൽ നിന്നാണ്. സ്വാതന്ത്ര്യവും സമത്വവും പറയാൻ വേണ്ടി മാത്രമുള്ളതല്ല പ്രാവർത്തികമാക്കാൻ കൂടിയുള്ളതാണ്. അതിന്റെ തുടക്കം സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നാവണം. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നുള്ളത് എല്ലാ തൊഴിലാളികൾക്കും വേണ്ടിയുള്ളതാണ്.അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ല. അത് സ്ത്രീകൾക്കു കൂടി സാധ്യമാവണമെങ്കിൽ അടുക്കളയിൽ നിന്നും തുല്യത തുടങ്ങണം. ഒരു വീട്ടിലെ അച്ഛനും അമ്മയും ജോലിക്ക് പോകുന്നവരും മക്കൾ പഠിക്കുന്നവരും ആയാലും വീട്ടിലെ ഉത്തരവാദിത്വം നാലുപേരുടേയും കടമയാണ്. ഞങ്ങളുടെ വീട്ടിലൊക്കെ അങ്ങനെയാണ്. അങ്ങനെയാണ് സമത്വം തുടങ്ങുന്നത്. ഇപ്പോഴും പല തൊഴിലിടങ്ങളിലും സ്ത്രീയും പുരുഷനും തുല്യരല്ല.സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങളെ കുറിച്ച് സ്ത്രീകൾ തന്നെ ബോധവതികളാവണം. ഓരോ സ്ത്രീക്കും തോന്നണം ഞാൻ പുരുഷന് തുല്യയാണ് എന്ന്. അത് യാഥാർത്ഥ്യമാകാത്തിടത്തോളം ഇത്തരം സമരങ്ങൾ തുടരുകതന്നെ ചെയ്യും.